റിസർവ് ബാങ്കിൻ്റെ വരുമാനത്തിൽ വൻ ഇടിവ്

single-img
26 August 2020

കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെത്തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവെന്നു റിപ്പോർട്ടുകൾ. മൊത്തം വരുമാനം 2018 – 19ല്‍ 1,93,036 കോടി രൂപയായിരുന്നത് 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇതോടെ, ആര്‍.ബി.ഐ.യില്‍നിന്ന് ലാഭവീതമായി കേന്ദ്രസര്‍ക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. 

റിവേഴ്‌സ് റിപ്പോ ഇനത്തില്‍ പലിശച്ചെലവ് ഉയര്‍ന്നതാണ് റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയാന്‍ പ്രധാന കാരണം. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019 – 20 വര്‍ഷം റിവേഴ്‌സ് റിപ്പോ ഓപ്പറേഷന്‍സ് നടത്തിയത് പലിശയിനത്തില്‍ ആര്‍.ബി. ഐ.ക്ക് അധികച്ചെലവുണ്ടാക്കി. 

2019 – 20 വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവര്‍ധന രണ്ടു ശതമാനമായി ചുരുങ്ങി. മുന്‍വര്‍ഷത്തേത് 44 ശതമാനമായിരുന്നു. ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം അടിയന്തര ഫണ്ട് 5.5 ശതമാനത്തില്‍ സൂക്ഷിക്കുന്നതിനായി 73,615 കോടി രൂപ മാറ്റിവെക്കേണ്ടിവന്നത് നീക്കിയിരിപ്പിനെ ബാധിച്ചു. കഴിഞ്ഞവര്‍ഷംവരെ ആര്‍.ബി.ഐ.യുടെ ആകെ ആസ്തിയുടെ 6.8 ശതമാനമായിരുന്നു അടിയന്തര ഫണ്ടായി നീക്കിവെച്ചിരുന്നത്. 

ബിമല്‍ ജലാന്‍ സമിതി ഇത് 5.5 ശതമാനമായി കുറച്ചപ്പോള്‍ 2018-19 കണക്കെടുപ്പു വര്‍ഷം മറ്റുവരുമാന വിഭാഗത്തില്‍ നീക്കിയിരിപ്പിലേക്ക് 52,637 കോടി രൂപ അധികമായെത്തി. ഇതടക്കം ആകെ 1,75,987 കോടി രൂപ സര്‍ക്കാരിന് ആര്‍.ബി. ഐ. നല്‍കുകയും ചെയ്തു.