വംശവെറി മൂത്ത് അമേരിക്കൻ പൊലീസ്: കറുത്ത വര്‍ഗക്കാരനു നേരെ വെടിയുതിര്‍ത്തു

single-img
26 August 2020

അമേരിക്കൻ പൊലീസിൻ്റെ വംശവെറി വീണ്ടും. കറുത്ത വര്‍ഗക്കാരനു നേരെ പോലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. പോലീസ് അതിക്രമത്തിനു പിന്നാലെ കെനോഷയിലും സമീപപ്രദേശങ്ങളിലും മൂന്നാം ദിവസവും ശക്തമായ പ്രതിഷേധം  തുടരുകയാണ്. 

വെടിവെപ്പില്‍ പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓഗസ്റ്റ്‌ 23നായിരുന്നു സംഭവം. മെയ് 25ന്  കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം. 

മൂന്ന് മക്കളുടെ മുന്നില്‍ വെച്ച് ബ്ലേക്കിന് നേരെ ഏഴ് തവണ പോലീസ് വെടിയുതിര്‍ത്തു. അതേസമയം എന്തിനാണ് ബ്ലേക്കിന് നേരെ വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്നും വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. വിസ്‌കോണ്‍സിന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം പ്രതിഷേധം നടക്കുന്ന കെനോഷയിൽ സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി വിസ്‌കൊണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേര്‍സ് പറഞ്ഞു. തെരുവുകളില്‍ കെട്ടിടങ്ങള്‍ പലതും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സുരക്ഷാജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇതോടെ വിസ്‌കൊണ്‍സിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.