സെക്രട്ടേറിയറ്റിലെ തീപിടിത്തം: നടന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്താല്‍ തെളിവുകള്‍ നശിപ്പിക്കുന്ന പ്രക്രിയ: ചെന്നിത്തല

single-img
25 August 2020

ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടിത്തം സ്വര്‍ണ്ണ കടത്ത് കേസില്‍ ഉണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പാടെ നശിപ്പിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാ തരത്തിലുമുള്ള അഴിമതികളെയും തള്ളികളയാനുള്ള നീക്കമാണ് ഇത്.

നേരത്തെ പറഞ്ഞിരുന്നത് ഇടിവെട്ട് ഏറ്റപ്പോള്‍ സിസി ടിവി നശിച്ചു എന്നായിരുന്നു. സര്‍ക്കാരിന് സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധമുള്ള തെളിവുകള്‍ ഒന്നുംതന്നെ അവേശേഷിപ്പിക്കാനുള്ള താത്പര്യമില്ല. സ്വര്‍ണ്ണ കടത്ത് കേസില്‍ വളരെ പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്.

അതിനാല്‍ തന്നെ ഈ തിപിടിത്തം ഉണ്ടായിരുന്ന തെളിവുകള്‍ അത്രയും നശിപ്പിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്. കള്ളക്കടത്തില്‍ ഉള്‍പ്പെട്ട പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി സംസ്ഥാന മുഖ്യമന്ത്രി ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ഉണ്ടായ തീപിടിത്തത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണം.

ഇന്ന് വൈകീട്ടാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസില്‍ തീപ്പിടിത്തമുണ്ടാകുന്നത്. ഇതില്‍ ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.