സെക്രട്ടറിയേറ്റിലെ തീ പിടുത്തം; നടക്കുന്നത് നാടകീയ സംഭവങ്ങള്‍; കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

single-img
25 August 2020

ഇന്ന് വൈകിട്ട് സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായ ശേഷം നടക്കുന്നത് നാടകീയ സംഭവങ്ങള്‍. തീ പിടുത്തത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കോൺഗ്രസ് -ബിജെപി ഉള്‍പ്പെടെയുള്ള ‌ പ്രതിപക്ഷം പ്രദേശത്ത് പ്രതിഷേധം നടത്തി . ഇതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥലത്ത് എത്തുകയും മാധ്യമങ്ങളോട് ഉള്‍പ്പെടെ പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. തീ പിടുത്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

എന്നാല്‍ ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി പൊതു പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായി വിഎസ്.ശിവകുമാർ എംഎൽഎ യും വിടിബൽറാമും യുഡിഎഫ് നേതാക്കളും കുത്തിയിരിക്കുകയാണ്.

അതേസമയം, കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .