ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവിന് മരണം വരെ കഠിനതടവ് വിധിച്ച് പോക്സോ കോടതി

single-img
25 August 2020

ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി എന്ന കേസിൽ കുറ്റക്കാരനായ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതിയുടെ വിധി. ഇതിന് പുറമെ പ്രതി അര ലക്ഷം രൂപ പിഴയും അടയ്ക്കണം. കോട്ടയം സ്പെഷൽ പോക്സോ കോടതിയായ ജില്ല അഡീഷനൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. ‘വിക്ടിം കോമ്പൻസേഷൻ ഫണ്ടി’ൽനിന്ന്​ പെൺകുട്ടിക്ക്​ നഷ്​ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.

2018ലായിരുന്നു കോട്ടയം ജില്ലയിലെ വെള്ളൂർ പോലീസ് സ്​റ്റേഷൻ പരിധിയിൽ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അമ്മയുടെ മരണശേഷം 15കാരിയായ മകൾ പിതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ആ സമയം പ്രളയം ഉണ്ടാവുകയും വീട് തകരുകയും ചെയ്തതോടെ കുട്ടിയും പിതാവും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക്​ താമസം മാറ്റിയിരുന്നു. ഇവിടെ കഴിയവേ​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്നാണ്​ കുട്ടി ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്​.

പക്ഷെ പിതാവ് നിർദ്ദേശിച്ച പ്രകാരം പെൺകുട്ടി ഇതര സംസ്ഥാന തൊഴിലാളിയുടെ പേരാണ്​പോലീസിനോട് പറഞ്ഞത്​. കുട്ടി നൽകിയ മൊഴി അനുസരിച്ചു പോലീസ് അന്തർ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി​ കുട്ടി തുറന്നുപറഞ്ഞത്.