പെരിയ ഇരട്ടക്കൊല: സർക്കാർ അപ്പീൽ തള്ളി ഹൈക്കോടതി; കേസ് സി.ബി.ഐ അന്വേഷിക്കും

single-img
25 August 2020

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹർജി ചീഫ് ജസ്​റ്റിസ് എസ്​. മണികുമാർ, ജസ്റ്റിസ്​ സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിവഷൻ ബെഞ്ചാണ്​ തള്ളിയത്. ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് തുടരാം.

നേരത്തെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ പെരിയ ഇരട്ടകൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയില്ല എന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് ഏറ്റെടുത്ത് എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പീൽ വന്നതിനാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വാദം പൂർത്തിയായിട്ട് 9 മാസം പിന്നിട്ടു. വിധി വന്നാൽ മാത്രമേ കേസ് അന്വേഷണം നടത്താനാകൂ എന്നും സിബിഐ അറിയിച്ചു. കേസിലെ പ്രധാനപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിധി വൈകുന്നതിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഒമ്പത് മാസമായിട്ടും വിധി വന്നിട്ടില്ല. അതുകൊണ്ട് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബം ഉയര്‍ത്തിയ ആവശ്യം. അപ്പീലില്‍ വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ആവശ്യപ്പെടുന്ന ഹർജി കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസ് ഹൈക്കോടതി കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കൈമാറിയത്. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.