പ്രശാന്ത് ഭൂഷണിനോട് ക്ഷമിക്കണം ; അറ്റോര്‍ണി ജനറൽ

single-img
25 August 2020

കോടതിലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മാപ്പ് നൽകണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പ്രശാന്ത് ഭൂഷണെ അനുകൂലിച്ച് കൊണ്ടുള്ള നിലപാടാണ് അറ്റോര്‍ണി ജനറല്‍ സ്വീകരിച്ചത്. ഇനി ആവര്‍ത്തിക്കില്ലെന്നും ആവശ്യമെങ്കില്‍ താക്കീത് നല്‍കാമെന്നും എജി പറഞ്ഞു.

മാപ്പ് പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്തുകാര്യമെന്നു ജസ്റ്റിസ് മിശ്ര ചോദിച്ചു. ആവര്‍ത്തിക്കുമോ ഇല്ലയോ എന്ന് പ്രശാന്ത് ഭൂഷണ്‍ തന്നെ പറയട്ടെ. ആര്‍ക്കും തെറ്റ് പറ്റാം, തെറ്റ് മനസിലാക്കുകയാണ് വേണ്ടത്. നിരവധി മോശം പരാമര്‍ശങ്ങള്‍ ഭൂഷണ്‍ കോടതിക്കെതിരെ നടത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസുകൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക്‌ എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. മാപ്പ് പറയാൻ നൽകിയ സമയം ഇന്നലെ അവസാനിക്കുകയും ചെയ്തു. മാപ്പ് പറയില്ലെന്ന മറുപടിയാണ് പ്രശാന്ത് ഭൂഷൺ നൽകിയത്. അതേസമയം മുൻ ചീഫ് ജസ്റ്റിസുമാർക്ക്‌ എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് 2009ൽ എടുത്ത കേസും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബെഞ്ച് ആണ് രണ്ട് കേസുകളും പരിഗണിക്കുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നതില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പങ്കുവഹിച്ചെന്ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യ കേസിന് കാരണം.