പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം, മുഖ്യ സൂത്രധാരൻ മസൂദ് അസ്ഹറെന്ന് എൻഐഎ

single-img
25 August 2020

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണ കേസിലെ കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ഇന്ന് കോടതിയിൽ സമർപ്പിക്കും. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറും സഹോദരൻ റൗഫ് അസ്ഹറുമാണ് പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.ഭീകരാക്രമണത്തിന്റെ ആസൂത്രണവും പാകിസ്താനിൽ നിന്ന് അത് നടപ്പാക്കിയത് എങ്ങനെയാണെന്നും വിശദീകരിക്കുന്ന 5000 പേജുള്ള കുറ്റപത്രമാണ് എൻഐഎ ജമ്മു കശ്മീർ കോടതിയിൽ സമർപ്പിക്കുക.

പുൽവാമ ആക്രമണത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ കമാൻഡർ ഉമർ ഫറൂക്കിന്റെ വാട്സാപ് സന്ദേശങ്ങൾ, കോൾ റെക്കോർഡിങ്ങുകൾ‌ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ആർഡിഎക്സ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കയറ്റിയയച്ചതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവയിൽ നിന്നു ലഭിച്ചതായാണ് വിവരം.

പുൽവാമ ഭീകരാക്രമണത്തെ പ്രകീർത്തിക്കുന്ന മസൂദ് അസ്‌ഹറിന്റെ ശബ്ദ സന്ദേശങ്ങളും വിഡിയോകളും കുറ്റപത്രത്തിലുണ്ട്. ‘നൂറ് ഇന്ത്യൻ ഹിന്ദു സൈനികരെ ഇല്ലാതാക്കി’ എന്ന് ആക്രമണത്തിനു പിന്നാലെ ജയ്ഷെ മുഹമ്മദിന്റെ ടെലഗ്രാം ഗ്രൂപ്പിൽ വന്ന സന്ദേശവും ഇതിൽ ഉൾപ്പെടുന്നതായാണ് വിവരം. 26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ ഇന്ത്യ തേടുന്ന ഭീകരനാണ് മസൂദ് അസ്‌ഹർ. പുൽവാമയിൽ ആക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദാർ ആണ് പ്രതിപട്ടികയിലുള്ള മറ്റൊരാൾ.

ഭീകരാക്രമണത്തിനുള്ള ബോംബുകൾ എത്തിച്ച ഉമർ ഫറൂഖ്, ആക്രമണത്തിന് ഉപയോഗിച്ച കാർ ഓടിച്ച ഷാക്കിർ ബഷീർ മാഗ്രേ (കാർ ആക്രമണ സ്ഥലത്തു നിന്ന് 500 മീറ്റർ അകലയാണ് നിർത്തിയിട്ടത്), പാക്ക് ഭീകരരെ കശ്മീരിൽ എത്തിച്ചെന്ന് കരുതുന്ന മുഹമ്മദ് ഇക്ബാൽ റാത്തർ (ഇയാളെ ജൂലൈയിൽ എൻഐഎ അറസ്റ്റു ചെയ്തു), ജയ്ഷെ ഭീകരർക്ക് ഫോണുകൾ എത്തിച്ചു നൽകിയെന്ന് കരുതുന്ന ബിലാൽ അഹമ്മദ് കുചെ, മുഹമ്മദ് അബ്ബാസ് റാത്തെർ, വൈസ്– ഉൽ– ഇസ്‌ലാം, താരിഖ് അഹമ്മദ് ഷാ, ഇൻഷ ജാൻ എന്നിവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവർ.

ഇതിൽ ഉമർ ഫറൂഖ് ഈ വർഷം മാർച്ചിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിനായി ഗ്ലൗസ്, ബാറ്ററി, അമോണിയം പൗഡർ എന്നിവ ഒരു ഓൺലൈൻ പോർട്ടൽ വഴി സംഘടിപ്പിച്ചതും കാർ ഓടിച്ച ഷാക്കിർ ബഷീർ ആണെന്നാണ് നിഗമനം.

ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീർ പൊലീസിൽനിന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു കേസ് എൻഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എൻഐഎ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. പിന്നാലെ, പുൽവാമയ്ക്കു സമീപം ലെത്‌പൊരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാൻ എൻഐഎ തീരുമാനിച്ചത്.

ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു, ആക്രമണത്തിനു മുൻപ് ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ തയാറെടുപ്പുകൾ, പാക്കിസ്ഥാന്റെ പങ്ക്, ഭീകരർക്കു പ്രദേശവാസികളിൽനിന്നു ലഭിച്ച പിന്തുണ, ഇന്റലിജൻസ് വീഴ്ച എന്നിവയാണു മുഖ്യമായും എന്‍ഐഎ അന്വേഷിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായിരുന്നു. ഇയാളെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു.