രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം: കെ സുരേന്ദ്രന്‍

single-img
25 August 2020

അവിശ്വാസ പ്രമേയത്തിലൂടെ സംസ്ഥാന നിയമസഭയില്‍ സര്‍ക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

തങ്ങളുടെ ആവനാഴിയില്‍ എല്ലാ അമ്പുകളും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായിരുന്നത്. ഒരു നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും ധാരാളം ആരോപണങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

പിണറായി വിജയനെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷത്തിനില്ല.
കേരളത്തില്‍ യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിപക്ഷം വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇതാണ് അവസ്ഥ. ഒടുവില്‍ ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഒരു പത്തംഗം ബിജെപിക്കായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വെള്ളം കുടിക്കുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫ് കേരളത്തില്‍ പരാജയപ്പെട്ടു. ഇനിമുതല്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് ബിജെപി തുടക്കം കുറിക്കുകയാണ്. അടുത്ത മാസത്തില്‍ നാല്, ആഞ്ച്, ആറ് തീയതികളിലായി ബിജെപി ജില്ലാ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.