ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൌളര്‍; ചരിത്ര നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍

single-img
25 August 2020

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ പാകിസ്താന്റെ അസര്‍ അലിയെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. 38 വയസുള്ള ആന്‍ഡേഴ്‌സന്റെ 17 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ ഇനി വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ളത് ലോക ക്രിക്കറ്റിലെ തന്നെ സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും അനില്‍ കുംബ്ലെയുമാണ്.

ഇന്ത്യയുടേയും ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ മികച്ച റെക്കോഡാണ് ആന്‍ഡേഴ്‌സൻ സ്വന്തമാക്കിയിട്ടുള്ളത്. ആന്‍ഡേഴ്‌സൻ തന്റെ 17 വര്‍ഷ കരിയറിൽ വീഴ്ത്തിയ 600 വിക്കറ്റുകളിൽ 110ഉം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടേതാണ്.

മാത്രമല്ല, 104 തവണ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരേയും ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയ റെക്കോഡും ആന്‍ഡേഴ്‌സണിന്റെ പേരിലാണ് ഉള്ളത്. 14 ടെസ്റ്റിലായി 9 തവണയാണ് സച്ചിനെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയത്.