ബാലഭാസ്കർ കേസ് : സിബിഐ നുണപരിശോധനക്കൊരുങ്ങുന്നു

single-img
25 August 2020

കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ. കലാഭവൻ സോബിയെയും പ്രകാശൻ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം. ഇതിനായുള്ള അനുമതിക്കുവേണ്ടി കോടതിയെ സമീപിക്കും.

ബാലഭാസ്‌കറിന്റെ അപകട നടന്ന സ്ഥലത്ത് പലരെയും കണ്ടെന്നും അ‌വർ വാഹനം വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു തുടങ്ങിയ വിവരങ്ങളാണ് കലാഭവൻ സോബി സിബിഐയോട് പറഞ്ഞത്. തുടർന്ന് കലാഭവൻ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തുകയും വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സിബിഐയുടെ പരിശോധനയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ പറയുന്നത്. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴിയും സിബിഐ എടുത്തിരുന്നു.

സമീപത്തുള്ള വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടൽ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തിൽ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക്‌ വിധേയമാക്കാൻ സിബിഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം.

ബാലഭാസ്‌കറിന്റെ മാനേജരും തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയിൽക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാൽ അപകടത്തിനു ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജ്യൂസ് കടയിൽ നിന്ന് പ്രകാശൻതമ്പി ശേഖരിച്ചു എന്നതാണ് ഇയാളെ സംശയമുനയിൽ നിർത്തിയത്. മാത്രമല്ല പ്രകാശൻതമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കർ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് സിസിടിവി ദൃശ്യം ശേഖരിച്ചതെന്നും ഒരു ചിത്രത്തിനുവേണ്ടിയുള്ള സംഗീതം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശം വന്നതുകൊണ്ടാണ് അന്ന് രാത്രി തന്നെ ബാലഭാസ്‌കർ മടങ്ങിയതെന്നുമാണ് പ്രകാശൻ തമ്പിയുടെ മൊഴി.

രണ്ടുപേരുടെ മൊഴികൾക്ക് വൈരുധ്യം ഉള്ളതിനാലാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൊച്ചിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നുണപരിശോധനയ്ക്കായുള്ള അപേക്ഷ അടുത്ത ദിവസങ്ങളിൽ സിബിഐ സമർപ്പിക്കും.