പദ്മനാഭസ്വാമി ക്ഷേത്രം ; ”ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജില്ലാ ജഡ്ജി” ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

single-img
25 August 2020

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിധിയില്‍ ഭേദഗതി. പദ്മനാഭസ്വാമി ക്ഷേത്ര ഭരണം ഉപദേശക സമിതി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്ന റിട്ട ഹൈക്കോടതി ജഡ്ജി മലയാളിയായിരിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്ര ഭരണ സമിതി അധ്യക്ഷനായി വരുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ചുമതല നൽകണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രം ട്രസ്റ്റി രാമവർമയുടെ അപേക്ഷയിലാണ് സുപ്രീംകോടതി തീരുമാനം.

ഈ വിഷയത്തിൽ ഐ.എൻ.ടി.യു.സി നേതാവും ,ആദ്യം മുതലുള്ള ഹർജിക്കാരനുമായ മണക്കാട് ചന്ദ്രൻകുട്ടി സുപ്രീം കോടതിയുടെ നിലപാടിൽ ‘ഇവാർത്തയോട്’ പ്രതികരിച്ചു. ”സുപ്രീം കോടതിയുടെ നിലപാട് അംഗീകരിക്കുന്നു, രാജകുടുംബത്തിന്റെ ഏകാധിപത്യത്തിൽ നിന്നും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിൽ ഗവൺമെന്റിന്റെ നിയന്ത്രണം കൂടി കടന്നു വന്നതിൽ കേരളത്തിലെ ജനങ്ങളുടെ വിജയമായി കണ്ട് സന്തോഷിക്കുന്നു” അദ്ദേഹം ഇവാർത്തയോട് പറഞ്ഞു.

അതേസമയം രണ്ട് സമിതിയെ നിയമിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. ക്ഷേത്ര ഭരണത്തിനായി ഒരു സമിതിയും ക്ഷേത്രഭരണത്തിനായി ഒരു ഉപദേശക സമിതിയും വേണമെന്നാണ് കോടതി പറഞ്ഞിരുന്നത്.ഉപദേശക സമിതിയിലേക്ക് വരുന്ന റിട്ടയേഡ് ഹൈക്കോടതി ജഡ്ജി മലയാളിയല്ലെങ്കിൽ കേരളീയമായ ആചാരങ്ങളെ കുറിച്ച് ധാരണക്കുറവുണ്ടാകുമെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. പുതിയ ഭരണസമിതി രൂപീകരിക്കാൻ നാലാഴ്ചത്തെ സമയവും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.