മാപ്പ് പറയാനുള്ള സുപ്രീം കോടതിയുടെ സമയ പരിധി ഇന്ന് അവസാനിക്കും; മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ച് പ്രശാന്ത് ഭൂഷൺ

single-img
24 August 2020

സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ കേസിൽ താന്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ ഉറച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തന്റെ ഉറച്ച നിലപാട് അദ്ദേഹം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. കേസിന് ആസ്പദമായ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമർശിച്ചുള്ള ട്വീറ്റ് ഉത്തരവാദിത്തബോധത്തോടെയുള്ളതാണെന്നും താന്‍ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു.

അതേസമയം കേസിൽ മാപ്പുപറഞ്ഞ് സത്യവാങ്മൂലം നൽകാൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ നിരുപാധികം മാപ്പുപറയണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

എന്നാല്‍ താന്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത് കോടതി അലക്ഷ്യമെങ്കിൽ ജയിലിൽ പോകാനും തയ്യാറെന്നാണ് പ്രശാന്ത് ഭൂഷണിന്‍റെ നിലപാട്. സമയ പരിധിക്കുള്ളില്‍ പ്രശാന്ത് ഭൂഷൺ മാപ്പുപറയുന്നില്ലെങ്കിൽ ശിക്ഷ വിധിക്കാനുള്ള തീരുമാനത്തിലേക്കാകും സുപ്രീം കോടതി പോവുക എന്നാണ് നിഗമനം.