‘ഭൂമിപൂജയ്ക്ക് എന്നെ വിളിച്ചില്ലെന്ന് വിലപിച്ച് നടക്കുന്ന മതേതര പാർട്ടിക്കാർ’: കോൺഗ്രസിനെതിരെ സഭയിൽ ആഞ്ഞടിച്ച് എസ് ശർമ

single-img
24 August 2020

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എസ് ശർമ എംഎൽഎ. യുഡിഎഫ് എംഎൽഎ വിഡി സതീശൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞുകൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് “എന്നെ വിളിച്ചില്ല, എന്നെ വിളിച്ചില്ല” എന്ന വിലാപവുമായി മതേതര പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കൾ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വിപി സിംഗ് രഥയാത്ര നടത്തിയ എൽ കെ അദ്വാനിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിപി സിങിന് പ്രധാനമന്ത്രിക്കസേര പോയി, പക്ഷേ ബാബരിപ്പള്ളി പോയില്ല. നരസിംഹറാവുവിന്റെ കാലത്ത് കസേര പോയില്ല പക്ഷേ ബാബരിപ്പള്ളി പോയി.”

ശർമ പറഞ്ഞു.

ബിജെപിയെ നേരിടുന്നതിന് പകരം ബിജെപിയുടെ ബിടീമായി കോൺഗ്രസ് മാറിയെന്നും ശർമ ആരോപിച്ചു. രാമക്ഷേത്രമെന്ന പേരിൽ ഹിന്ദുരാഷ്ട്രത്തിനാണ് അയോദ്ധ്യയിൽ ശിലാസ്ഥാപനം നടത്തിയത്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞ കാര്യങ്ങളോട് ലീഗിന് യോജിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.