ജി സുധാകരനറിയാതെ പൊതുമരാമത്ത് വകുപ്പിൽ മുഖ്യമന്ത്രി അഴിമതി നടത്തി: ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

single-img
24 August 2020

പൊതുമരാമത്ത് മന്ത്രി ജി സുധാകരനറിയാതെ പൊതുമരാമത്ത് വകുപ്പിൽ മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരൻ അഴിമതിക്കാരനല്ലെന്ന് ആവർത്തിച്ച ചെന്നിത്തല, മുഖ്യമന്ത്രിയും പൊതുമരാമത്ത് സെക്രട്ടറിയും ചേർന്നാണ് ഈ അഴിമതി നടത്തിയതെന്നും ആരോപിച്ചു.

ദേശീയപാതയോരത്ത് പൊതുജനങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ നൽകുന്ന അമനിറ്റി സെന്ററിന്റെ ഭൂമി വാങ്ങിയതിലും അതിന്റെ കരാർ നൽകിയതിലും അഴിമതിയുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഒരേക്കർ സ്ഥലം വീതം പതിന്നാല് ജില്ലകലിൽ ഏറ്റെടുത്താണ് പദ്ധതി. എന്നാൽ ഈ പദ്ധതിയുടെ കരാറിനായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കത്ത് നൽകിയിട്ടും അത് അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് നൽകിയെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്. വിഡി സതീശൻ എം എൽ എ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക് അംഗബലം കൂടുതലുണ്ടെന്ന് ഞങ്ങൾക്കറിയാം. പക്ഷേ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പിണറായി വിജയനെതിരായ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതൊരു കൊള്ളസംഘത്തിന്റെ ഭരണമാണ്. മന്ത്രിമാർ കൊടിവെച്ച് കാറിൽ പറക്കുന്നുണ്ട്. പക്ഷേ അവർ ഒന്നുമറിയുന്നില്ല. മന്ത്രിസഭ ഒന്നുമറിയുന്നില്ല. ഇടതുമുന്നണി യോഗം പോലും കൂടുന്നില്ല. ഭരണം നടത്തുന്നത് സ്വപ്നയേയും ശിവശങ്കരനേയും പോലെയുള്ളവരാണ്.“

ചെന്നിത്തല ആരോപിച്ചു.

പാർട്ടി സെക്രട്ടറിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഉപജാപകസംഘങ്ങളും ചേർന്ന് നടത്തുന്ന ഭരണത്തിൽ ഇടതുമുന്നണിയുടെ അടിസ്ഥാന പ്രമാണങ്ങളെല്ലാം ലംഘിക്കപ്പെടുകയാണെന്നും ചെന്നിത്തല ആരോപിച്ചു..

സ്പ്രിങ്ക്ലർ, ബെവ്കോ, ബ്രൂവറി ഡിസ്റ്റിലറി, മാർക്ക് ദാനം തുടങ്ങി താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുകയാണ്. സ്പ്രിങ്ക്ലറിന്റെ കാര്യത്തിൽ പൊളിറ്റ് ബ്യൂറോയുടെയും പാർട്ടിയുടെയും ഇടതുമുന്നണിയുടെയും നിലപാടെന്താണെന്നും ചെന്നിത്തല ആരോപിച്ചു. ഈ ഭരണത്തിൽ അധോലോകം പ്രവർത്തിക്കുന്നുവെന്നും. കൺസൾട്ടൻസി രാജാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.