”അദാനി രാജരാജേശ്വരി ക്ഷേത്രത്തിൽ വന്നതെന്തിന്’; ദുരൂഹമെന്ന് പി.സി ജോർജ്

single-img
24 August 2020

പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുരുതര ആരോപണവുമായി പി.സി.ജോർജ് എം എൽ എ രംഗത്ത്. 2019 ഫെബ്രുവരിയിൽ കണ്ണൂർ രാജരാജേശ്വരി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയ്ക്ക് അദാനിയും ഭാര്യയും എത്തിയിരുന്നുവെന്നും അത് കഴിഞ്ഞ് 15 ദിവസത്തിന് ശേഷം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുകയും ചെയ്ത നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് പിസി ജോർജ് ആരോപിക്കുന്നത്.

”എന്നാൽ ആ സമയത്ത് മുഖ്യമന്ത്രി സ്ഥലത്തില്ല, അമേരിക്കയിലാണ്. അദ്ദേഹമൊന്നും അറിഞ്ഞു കാണില്ല. ഇതൊക്കെ ജനങ്ങൾക്ക് സംശയമുണ്ടാക്കുന്ന കാര്യമാണ്. അദാനിക്ക് ശത്രുസംഹാര പൂജ നടത്താൻ കണ്ണൂരിൽ തന്നെ വരണോ? അന്തരാഷ്ട്ര വിമാനത്താവള പദ്ധതിയിൽ നിന്നും അദാനിയെ ഒഴിവാക്കണമെന്ന് പറയുന്നവർ വഴിഞ്ഞം പദ്ധതിയുടെ കാര്യം എന്തുകൊണ്ട് പറയുന്നില്ല. വിഴിഞ്ഞം പദ്ധതിയിൽ നിന്നും അദാനിയെ ഒഴിവാക്കണം”- പി.സി.ജോർജ് പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു . ജനങ്ങളുടെ പൊതുവികാരത്തിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംവിധാനത്തെ ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പിന്നാലെ പ്രതിപക്ഷം തുറന്നടിച്ചു. അദാനിയെ എതിര്‍ത്തവര്‍ രഹസ്യമായി അദാനിയെ പിന്തുണച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് ക്രിമിനല്‍ ഗൂഢാലോചന, ഇരട്ടത്താപ്പ്, വഞ്ചനയുമാണ്. ഒരു ടെന്‍ഡറുമില്ലാതെയാണ് അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ ഏല്‍പിച്ചത്. പ്രമേയത്തിന്റെ അന്തസത്തയെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷം വ്യക്തമാക്കി.