നിയമസഭാ സമ്മേളനം തുടങ്ങി,അവിശ്വാസപ്രമേയം ചർച്ച ചെയ്യും

single-img
24 August 2020

14ാം കേരള നിയമസഭയുടെ 20ാം സമ്മേളനത്തിന് തുടക്കമായി. സ്വർണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ വാദ പ്രതിവാദവുമായി ഏറെ നിർണായകമാണ് ഇന്നത്തെ സഭാ സമ്മേളനം. 15 വര്‍ഷത്തിനു ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്. അതേസമയം അവിശ്വാസപ്രമേയത്തിന് നിയമസഭയിൽ അവതരണാനുമതി ലഭിച്ചെങ്കിലും സ്പീക്കര്‍ക്കെതിരായ പ്രമേയം പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധമെന്ന് ചെന്നിത്തല ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു. അംഗബലത്തിന്‍റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവെക്കും.

ബിജെപി അം​ഗം ഒ രാജ​ഗാപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവശങ്കറിനെ പുറത്താക്കിയതിലൂടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന പ്രതിരോധമുയര്‍ത്തിയാവും എല്‍ഡിഎഫ് പ്രതിപക്ഷത്തെ നേരിടുക. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങും ഇന്ന് നടക്കും. ധനകാര്യ ബില്‍ പാസാക്കല്‍ അജണ്ടയാണെങ്കിലും അവിശ്വാസ പ്രമേയമാകും സഭയെ പ്രക്ഷുബ്ദമാക്കുക. സഭയില്‍ സര്‍ക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിംക്ലര്‍, ബെവ്ക്യു, മണല്‍ക്കടത്ത്, ഇ മൊബിലിറ്റി, സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ ആരോപണങ്ങള്‍ വിശദമായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുക എന്ന തന്ത്രവുമാണ് പ്രതിപക്ഷം പയറ്റുക. രാവിലെ ഒമ്പതിനാണ് സഭാ സമ്മേളനം ആരംഭിച്ചത്. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ധനകാര്യബില്‍ പാസാക്കിയശേഷം, പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ അഞ്ചു മണിക്കൂര്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷത്തുനിന്ന് വി.ഡി സതീശന്‍ സഭയില്‍ അവിശ്വാസം അവതരിപ്പിക്കും. തുടര്‍ന്ന് അതിന്മേല്‍ ചര്‍ച്ച ആരംഭിക്കും.

സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്ത് നല്ല ഗൃഹപാഠം നടന്നിട്ടുണ്ട്. സമാനമായി ഭരണപക്ഷവും ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കാലേക്കൂട്ടി തയ്യാറായിട്ടുമുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് വിവാദം തുടങ്ങിയയെല്ലാം നിയമസഭയില്‍ കത്തിപ്പടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളായിരിക്കും പ്രതിപക്ഷം നടത്തുക. അതിനിടെ പുതിയ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.