മോദിയുടെ പിതാവ് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയതിന് തെളിവില്ല; വെളിപ്പെടുത്തി പശ്ചിമ റെയിൽവേ

single-img
24 August 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവായ ദാമോദർ ദാസ് നടത്തിയിരുന്നു എന്ന് പറയപ്പെടുന്ന ചായക്കടയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുംതന്നെ ലഭ്യമല്ലെന്ന് പശ്ചിമ റെയിൽവേ. വിവരാവകാശ നിയമപ്രകാരം വിഷയത്തില്‍ ഒരു അഭിഭാഷകൻ സമർപ്പിച്ച അപ്പീലാണ് ഇതിലൂടെ കേന്ദ്ര വിവരാവകാശ കമ്മിഷൻ തീർപ്പാക്കിയിരിക്കുന്നത്.

2018ലായിരുന്നു ഹരിയാനക്കാരനായ പവൻ പരീക് എന്ന അഭിഭാഷകൻ പ്രധാനമന്ത്രി മോദിയുടെ പിതാവ് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയെന്ന് പറയുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാനുള്ള അപേക്ഷയുമായി പശ്ചിമ റെയിൽവേയെ സമീപിക്കുന്നത്.

അങ്ങിനെ ഒരു കട ഉണ്ടായിരുന്നെങ്കില്‍ ആ ചായക്കടയുടെ ലൈസൻസ് എപ്പോഴാണ് നൽകിയതെന്നും അഭിഭാഷകൻ ചോദിച്ചിരുന്നു. ലൈസന്‍സ് നല്‍കിയെങ്കില്‍ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും അഭിഭാഷകൻ തന്റെ അപേക്ഷയിലൂടെ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.പക്ഷെ പശ്ചിമ റെയിൽവേയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അഭിഭാഷകൻ അപ്പീൽ നല്‍കുകയായിരുന്നു.

പിന്നീട് ഈ അപ്പീൽ അതോറിറ്റി തീർപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അപേക്ഷയില്‍ അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ വളരെ പഴക്കംചെന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷനിൽ സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു അഭിഭാഷകന്റെ രണ്ടാമത്തെ അപ്പീലിന് ലഭിച്ച മറുപടി.