കോൺഗ്രസിൽ പൊട്ടിത്തെറി, ട്വീറ്റ് പിൻവലിച്ച് കപിൽ സിബൽ

single-img
24 August 2020

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇത്തരം പ്രസ്താവനകളിലൂടെ കോൺഗ്രസിലെ പ്രവര്‍ത്തകസമിതി പൊട്ടിത്തെറിയിലേക്ക് നീങ്ങിയ പശ്ചാത്തലത്തിൽ മുറിവുണക്കാന്‍ രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തുകയും ചെയ്തു.

കോൺഗ്രസിന് മുഴുവൻ സമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കൾക്ക് ബിജെപി ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞെന്നായിരുന്നു മാധ്യമവാർത്ത. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തിയിരുന്നു. 23 നേതാക്കളാണ് നേതൃത്വത്തിനെതിരെ കത്തെഴുതിയത്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത്. കത്തെഴുതിയവര്‍ ബി.ജെ.പിയുമായി കൈ കോര്‍ക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം.

ഇതിനെതിരെ കത്തെഴുതിയ നേതാക്കള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തു . ആരോപണം തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കപില്‍ സിബല്‍ ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നും സിബല്‍ പറഞ്ഞു. എന്നാൽ പിന്നീട് ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കപില്‍ സിബലിനോട് രാഹുല്‍ നേരിൽ വിളിച്ചു വിശദീകരിച്ചു. ഇതിനുപിന്നാലെ, തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.