ചരിത്രതാളുകളിൽ രേഖപ്പെടുത്തിയ നിയമസഭയിലെ അവിശ്വാസപ്രമേയ കഥ

single-img
24 August 2020

കേരള നിയമസഭയുടെ ചരിത്രത്തിലെ 16-ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അതരിപ്പിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി.കെ.കുഞ്ഞ് 1964 സെപ്റ്റംബര്‍ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ആര്‍.ശങ്കര്‍ മന്ത്രിസഭ രാജിവച്ചു. കേരള നിയമസഭയിലെ ആ അവിശ്വാസപ്രമേയ ചരിത്രം ഒന്ന് പരിശോധിക്കാം. രണ്ടാം കേരള നിയമസഭയുടെ കാലത്ത് 1961ൽ പട്ടം താണുപിള്ളയ്ക്കെതിരെ സി.ജി. ജനാർദ്ദനനാണ് ആദ്യത്തെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് . പ്രമേയം 86 നെതിരേ 30 വോട്ടുകൾക്ക് പരാജയപ്പെട്ടു. ആർ. ശങ്കറിനെതിരേ 1962ലും1963 ലും സി. അച്യുതമേനോൻ കൊണ്ടുവന്ന പ്രമേയങ്ങളും പരാജയപ്പെട്ടു. പക്ഷേ 1964ൽ ആർ. ശങ്കറിനെതിരെ പി.കെ. കുഞ്ഞിന്റെ പ്രമേയം അൻപതിന് എതിരെ 73 വോട്ടുകളോടെ പാസായി.

ശങ്കർ മന്ത്രിസഭ രാജിവച്ചു അങ്ങനെ പി.കെ.കുഞ്ഞും ആർ.ശങ്കറും ചരിത്രത്തിന്റെ ഭാഗമായി. നാലാം കേരള നിയമസഭയുടെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ മറികടന്നത് മൂന്ന് അവിശ്വാസ പ്രമേയങ്ങളെയാണ്. 1971 ഏപ്രിലിൽ സിബിസി വാര്യരും നവംബറിൽ ജോൺ മാഞ്ഞൂരാനും കൊണ്ടു വന്ന പ്രമേയങ്ങളെ അച്യുതമേനോൻ അതിജീവിച്ചു. 1972ൽ ഇ.ബാലാനന്ദന്റെ പ്രമേയവും പരാജയപ്പെട്ടു. ഏറ്റവും അധികം അവിശ്വാസ പ്രമേയങ്ങളെ നേരിട്ടതും അതിജീവിച്ചതും മറ്റാരുമല്ല സാക്ഷാൽ കെ. കരുണാകരൻ. അതിൽ ആദ്യത്തേത് ഒരു ട്വൻടി–20 മൽസരം പോലെ സസ്പെൻസ് നിറഞ്ഞതുമായിരുന്നു, 1982ലായിരുന്ന അത്. എ.സി.ഷൺമുഖദാസാണ് അവിശ്വാസം കൊണ്ടുവന്നത് .

പ്രമേയം വോട്ടിനിട്ടപ്പോൾ ഇരുപക്ഷത്തു വോട്ട് തുല്യം. 70-70 ഒടുവിൽ സ്പീക്കർ എ.സി. ജോസിന്റെ ചരിത്ര പ്രസിദ്ധമായ കാസ്റ്റിംഗ് വോട്ടോടെ കരുണാകരൻ ഭരണം നിലനിർത്തി. 1983ൽ ബേബിജോണും 1985ൽ എം.വി.രാഘവനും 1986 ൽ ഇ.കെ.നായനാരും 1995 ൽ വി എസ് അച്യുതാനന്ദനും കരുണാകരൻ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളും പരാജയപ്പെട്ടു. ഇ.കെ.നായനാരും രണ്ട് അവിശ്വാസ പ്രമേയങ്ങളെ അതിജീവിച്ചു. 1987ൽ വി.എം.സുധീരനും 1989 ൽ കെ.ശങ്കരനാരായണനുമായിരുന്നു പ്രമേയാവതാരകർ . സഭയിൽ ഏറ്റവും ഒടുവിൽ വന്ന അവിശ്വാസ പ്രമേയം 2005 ൽ ഉമ്മൻ ചാണ്ടിക്കെതിരെ ആയിരുന്നു.

കോടിയേരി ബാലകൃഷ്ണനായിരുന്നു പ്രമേയം കൊണ്ടുവന്നത്. അതിന്റെ വിധിയും മറ്റൊന്നായില്ല. പതിനഞ്ചു വർഷത്തിന് ശേഷം സഭാതലത്തിൽ പിണറായി വിജയൻ സർക്കാരിനെതിരരെ വി.ഡി. സതീശൻ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസിലാണെന്നത് ചരിത്രത്തിന്റെ മറ്റൊരു തരത്തിലുള്ള ആവർത്തനം കൂടിയാണ്. 1986 ൽ കരുണാകരനെതിരെ നായനാർ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ഇടയാക്കിയ സംഭവങ്ങൾക്കു പിന്നിലും ഒരു വിദേശ ബന്ധമുണ്ട്. കേന്ദ്ര സർക്കാർ കുവൈറ്റ് പൗരന്മാരെ കേരളത്തിൽ വിളിച്ചു വരുത്തി സൽക്കരിച്ചത് രാജ്യദ്രോഹമെന്നായിരുന്നു ആരോപണം. അന്നത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതാണ് സത്യം .