അങ്ങയുടെ വില്ലിന്റെ ഞാൺ പൊട്ടിപ്പോയി: ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരൻ

single-img
24 August 2020

പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയപാതയോരത്തെ വേ സൈഡ് അമെനിറ്റി സെന്ററുകളുടെ നിർമ്മാണം ചട്ടങ്ങൾ പാലിച്ച് തന്നെയെന്നും ജി സുധാകരൻ സഭയെ അറിയിച്ചു.

ദേശീയപാത അതോറിറ്റിയുടെ ഭൂമിയല്ല, മറിച്ച് സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതുവരെ പത്തിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. അതിൽ ഏഴെണ്ണം കെ എസ് ടിപിയുടെയും മൂന്നെണ്ണം പൊതുമരാമത്ത് വകുപ്പിന്റെയും സ്ഥലങ്ങളാണെന്നും ജി സുധാകരൻ അറിയിച്ചു.

ടെണ്ടർ വഴിയാണ് ഈ ഭൂമി സ്വകാര്യ കമ്പനികൾക്ക് കൈമാറുക. ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരടുരേഖയിലെ 13-ആം ഖണ്ഡിക പറയുന്നത് ടെണ്ടർ വഴി സ്ഥലം കൈമാറാനുള്ള നിർദ്ദേശവും 14 ആം ഖണ്ഡിക പറയുന്നത് നേരിട്ട് കൈമാറാനുള്ള നിർദ്ദേശവുമാണ്. ഇതിൽ ടെണ്ടർ വഴി കൈമാറുന്ന 13-ആം ഖണ്ഡികയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. ഇതാണ് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. നേരിട്ട് സ്ഥലം കൈമാറുകയാണെങ്കിൽ അതല്ലേ അഴിമതിയാകുകയെന്നും ജി സുധാകരൻ ചോദിച്ചു.

“അങ്ങയുടെ വില്ലിന്റെ ഞാൺ പൊട്ടിപ്പോയി. അമ്പ് ഒടിഞ്ഞും പോയി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് അങ്ങ് ഉന്നയിച്ചത്.”

ജി സുധാകരൻ ചെന്നിത്തലയോട് പറഞ്ഞു.

“It is a tale Told by an idiot, full of sound and fury, Signifying nothing.” എന്ന ഷേക്സ്പിയറിന്റെ മക്ബെത്തിലെ ഡയലോഗ്ഗ് കൂടി ഉദ്ധരിച്ചായിരുന്നു ജി സുധാകരന്റെ മറുപടി.

ഭൂമി വിട്ടുനൽകുന്നതിനുള്ള ടെണ്ടർ വിളിച്ചുകഴിഞ്ഞു. എന്നാൽ സീൽ ചെയ്ത ടെണ്ടറുകൾ ഇനിയും പൊട്ടിച്ചിട്ടില്ല. പൊട്ടിച്ച് കഴിഞ്ഞ് അവ അംഗീകാരത്തിനായി റവ്ന്യൂ വകുപ്പിന് കൈമാറും. റവന്യൂ വകുപ്പിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.