പെരുമ്പാമ്പെന്ന വ്യാജേന ചേരയിറച്ചി വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

single-img
24 August 2020

ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിന്റെ സംഭവ കഥ സമൂഹമാധ്യമങ്ങളടക്കം ഇപ്പോൾ ചർച്ചാ വിഷയമാണ്. സംഭവം ചൈനയിലോ കൊറിയയിലോ അല്ല നമ്മുടെ സ്വന്തം കേരളത്തിലാണ്. ചേരയെ തല്ലിക്കൊന്ന് കറിവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത് . വന്യജീവി നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കോന്ന് തോല്‍ഉരിച്ച് പാചകം ചെയ്ത് കഴിക്കുകയായിരുന്നു ഇയാൾ . ബാക്കി ഇറച്ചി പെരുമ്പാമ്പിന്‍റെ ഇറച്ചിയാണെന്ന് പേരില്‍ വില്‍ക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കറിവെച്ചതും വറുത്തതുമായ ഇറച്ചിയും, തുകല്‍, തല, വാല്‍, പണ്ടം എന്നിവയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. മദ്യപിക്കുവാന്‍ പണം കണ്ടെത്തുവാന്‍ വേണ്ടിയാണ് ഈ കുറ്റം ചെയ്തതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ രണ്ട് പാര്‍ട്ട് രണ്ടില്‍ സംരക്ഷിത ഉരഗമാണ് ചേര പാമ്പ്.

മദ്യലഹരിയിലായിരുന്ന ഇയാള്‍ നേര്യമംഗലം ടൗണില്‍വെച്ച് പെരുമ്പാമ്പിറച്ചി വില്‍ക്കാനുണ്ടെന്ന് ആളുകളോട് പറയുകയും ഇത് വനംവകുപ്പ് അറിയുകയുമായിരുന്നു. കേസ് കോതമംഗലം പരിധിയായതിനാല്‍ ഇവര്‍ക്ക് പിന്നീട് കൈമാറുകയായിരുന്നു. വീട്ട് വളപ്പില്‍ നിന്ന് ചേര പാമ്പിനെ പിടികൂടി അതിനെ കൊന്ന് കറി വെയ്ക്കുകയും വറക്കുകയും ഭക്ഷിക്കുകയും ചെയ്തു. 2018ല്‍ വാളറ സ്റ്റേഷന്‍ പരിധിയില്‍ തൊണ്ടിയായി പിടിച്ചിട്ട തടി മോഷണ കേസിലും നിരവധി ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാള്‍. ഡെപ്യൂട്ടി ആര്‍എഫ്ഒ ജി.ജി. സന്തോഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അനില്‍ ഘോഷ്, മധു ദാമോദരന്‍, പി.എന്‍. ജയന്‍, കെ.പി. മുജീബ്, കെ.എം. അലികുഞ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജാരാക്കി.

ചേരകൾ നമുക്കുചുറ്റുമുണ്ടായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത് . എലികളെയും ചെറുജീവികളെയും തിന്ന് ആഹാര ശൃംഖലയെ സന്തുലിതാവസ്ഥയിലെത്തിക്കുന്നത് ചേരകളാണ്. എലികൾ പെരുകിയാൽ അവയെത്തേടി വിഷമുള്ള മറ്റു പാമ്പു
കൾ എത്തിച്ചേർന്നേക്കാം. അതിനാൽ, വിഷമില്ലാത്തവരായ ചേരകൾ പറമ്പിലും പരിസരത്തുമായുള്ളതാണ്
നല്ലത്. അതേസമയം പാമ്പിനെ തല്ലികൊല്ലുന്നത് ഇന്ത്യൻ നിയമം അനുസരിച്ച് ശിഷാർഹമാണ്. ഇന്ത്യൻ വന്യജീവി നിയമപ്രകാരം പെരുമ്പാമ്പിനെപ്പോലെ ഷെഡ്യൂൾഡ്‌ 1 കാറ്റഗറിയിലുള്ള പാമ്പുകളെ കൊന്നാൽ അഞ്ചുവർഷവും അണലി മുതൽ ചേരവരേയുള്ള ഷെഡ്യൂൾ 3 കാറ്റഗറിയിലെ പാമ്പുകളെ കൊന്നാൽ മൂന്നുവർഷം വരെ തടവും ലഭിക്കും.