കേരള നിയമസഭയിലെ ചൂടേറിയ സംവാദം , ഷേക്സ്പിയറിന്‍റെ മാർക്ക് ആന്റണി മുതൽ യോദ്ധയിലെ അപ്പുകുട്ടൻ വരെ

single-img
24 August 2020

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേരളാ നിയമസഭാ ഇന്ന് ചൂടേറിയ സംവാദത്തിന് വേദിയായി. വില്യം ഷേക്സ്പിയറിന്‍റെ ജൂലിയസ് സീസർ എന്ന കൃതിയിലെ മാർക് ആന്റണിയെ ഉദ്ധരിച്ച് തുടങ്ങിയ വി.ഡി. സതീശൻ, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചാണ് സംവാദത്തിന് തിരികൊളുത്തിയത്. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണു ഷേക്സ്പിയറിനെ ഉദ്ധരിച്ച് സതീശൻ വിശേഷിപ്പിച്ചത്. പക്ഷേ ഭരണത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നും ഒരു മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണു നിയന്ത്രണമെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രശ്നം കപ്പിത്താന്റെ മുറിയിലാണെന്നും പറഞ്ഞു.

‘ജൂലിയസ് സീസറിൽ മാർക്ക് ആന്റണിയുടെ വിഖ്യാതമായ പ്രസംഗത്തിൽ ബ്രൂട്ടസിനെ വിശേഷിപ്പിക്കുന്നത് ‘ഹി ഈസ് ആൻ ഓണറബിൽ മാൻ’ എന്നാണ്. സഭയുടെ അനുവാദത്തോടു കൂടി മുഖ്യമന്ത്രിയെ താനും അതുതന്നെ വിളിക്കുന്നു, ആദരണീയൻ. അദ്ദേഹമാണ് കപ്പലെന്ന ഭരണത്തിന്റെ നിയന്ത്രണം നടത്തുന്ന കപ്പിത്താൻ. പക്ഷേ അദ്ദേഹം നിയന്ത്രിക്കുന്ന ഈ കപ്പൽ ചുഴിയിലും കാറ്റിലും പെട്ട് നടുക്കടലിൽ ആടിയുലയുകയാണ്. അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിയുന്നില്ല. കാരണം, കപ്പിത്താന്റെ കാബിനിൽത്തന്നെയാണ് പ്രധാനപ്പെട്ട പ്രശ്നമെന്നാണ് വി ഡി സതീശൻ പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽ‌ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണ്– മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോൺഗ്രസ് നേതാക്കൾ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാൻ കെൽപില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. ജനങ്ങൾക്കു സർക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം വർധിച്ചതിനു തെളിവ്. യുഡിഎഫിന് ജനങ്ങളിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പൊതുമരാമത്ത് മന്ത്രി ജി സുധാകരനറിയാതെ പൊതുമരാമത്ത് വകുപ്പിൽ മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരൻ അഴിമതിക്കാരനല്ലെന്ന് ആവർത്തിച്ച ചെന്നിത്തല, മുഖ്യമന്ത്രിയും പൊതുമരാമത്ത് സെക്രട്ടറിയും ചേർന്നാണ് ഈ അഴിമതി നടത്തിയതെന്നും ആരോപിച്ചു. ദേശീയപാതയോരത്ത് പൊതുജനങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ നൽകുന്ന അമനിറ്റി സെന്ററിന്റെ ഭൂമി വാങ്ങിയതിലും അതിന്റെ കരാർ നൽകിയതിലും അഴിമതിയുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഒരേക്കർ സ്ഥലം വീതം പതിന്നാല് ജില്ലകലിൽ ഏറ്റെടുത്താണ് പദ്ധതി. എന്നാൽ ഈ പദ്ധതിയുടെ കരാറിനായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കത്ത് നൽകിയിട്ടും അത് അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് നൽകിയെന്നും ചെന്നിത്തല ആരോപിച്ചു.

“ഈ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക് അംഗബലം കൂടുതലുണ്ടെന്ന് ഞങ്ങൾക്കറിയാം. പക്ഷേ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പിണറായി വിജയനെതിരായ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതൊരു കൊള്ളസംഘത്തിന്റെ ഭരണമാണ്. മന്ത്രിമാർ കൊടിവെച്ച് കാറിൽ പറക്കുന്നുണ്ട്. പക്ഷേ അവർ ഒന്നുമറിയുന്നില്ല. മന്ത്രിസഭ ഒന്നുമറിയുന്നില്ല. ഇടതുമുന്നണി യോഗം പോലും കൂടുന്നില്ല. ഭരണം നടത്തുന്നത് സ്വപ്നയേയും ശിവശങ്കരനേയും പോലെയുള്ളവരാണ്.“ചെന്നിത്തല ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ രംഗത്ത് എത്തുകയും ചെയ്തു. ദേശീയപാതയോരത്തെ വേ സൈഡ് അമെനിറ്റി സെന്ററുകളുടെ നിർമ്മാണം ചട്ടങ്ങൾ പാലിച്ച് തന്നെയെന്നും ജി സുധാകരൻ സഭയെ അറിയിച്ചു.

“അങ്ങയുടെ വില്ലിന്റെ ഞാൺ പൊട്ടിപ്പോയി. അമ്പ് ഒടിഞ്ഞും പോയി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് അങ്ങ് ഉന്നയിച്ചത്.”

ജി സുധാകരൻ ചെന്നിത്തലയോട് പറഞ്ഞു.
“It is a tale Told by an idiot, full of sound and fury, Signifying nothing.” എന്ന ഷേക്സ്പിയറിന്റെ മക്ബെത്തിലെ ഡയലോഗ്ഗ് കൂടി ഉദ്ധരിച്ചായിരുന്നു ജി സുധാകരന്റെ മറുപടി.

ഭൂമി വിട്ടുനൽകുന്നതിനുള്ള ടെണ്ടർ വിളിച്ചുകഴിഞ്ഞു. എന്നാൽ സീൽ ചെയ്ത ടെണ്ടറുകൾ ഇനിയും പൊട്ടിച്ചിട്ടില്ല. പൊട്ടിച്ച് കഴിഞ്ഞ് അവ അംഗീകാരത്തിനായി റവ്ന്യൂ വകുപ്പിന് കൈമാറും. റവന്യൂ വകുപ്പിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു

ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാതെ ചക്രവ്യൂഹത്തിലാണ് മുഖ്യമന്ത്രിയെന്നു പി.ടി. തോമസ് എംഎൽഎ ആഞ്ഞടിച്ചു . അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത് . എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം പാസാക്കി കഴിഞ്ഞതായി പി.ടി. തോമസ് പറഞ്ഞു. പല മന്ത്രിമാരും എപ്പോഴാണ് ജയിലിൽ പോകുന്നതെന്നു ഭയന്നിരിക്കുകയാണ്. ചെറ്റക്കുടിലിലെ പണം അടിച്ചു മാറ്റി ലൈഫ് പദ്ധതിയെ സർക്കാർ ഡെത്ത് ആക്കി. പിഎസ്‌സിയെ നോക്കുകുത്തിയാക്കി. മന്ത്രിസഭാ നടപടികൾ വെറും ചടങ്ങുകളായി. മന്ത്രിമാരിൽ പലരും തൊമ്മികളും വിധേയരുമായി. ഈ ചക്രവ്യൂഹത്തിൽനിന്ന് സർക്കാരിനു പുറത്തുവരാൻ കഴിയില്ല. ഇത്തരമൊരു സർക്കാരിനെ വിമർശിക്കാൻ കഴിയില്ലയെന്നും പി.ടി. തോമസ് എംഎൽഎ പറഞ്ഞു .

എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയാണെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്.കേരളത്തിലെ യുവാക്കളുടെ പ്രശ്നം എണ്ണി ചോദിച്ച ഷാഫി പറമ്പിൽ, കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാകാൻ പറ്റില്ലെന്നും കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ലെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല എന്നും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫിസല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതിയെന്നാണ് കെ.എം. ഷാജിയുടെ പ്രസ്താവന .
സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വിഡിയോ ഓടുന്നുണ്ടെന്നും , അതിൽ പറയുന്നത് മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക് ആണെന്നും , എന്നാൽ ഈ നാലു വർഷത്തെ ഭരണത്തിൽ നിന്നു നിങ്ങൾ ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക് ആണെന്നാണ് മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് കെ.എം. ഷാജി നിയമസഭയിൽ പറഞ്ഞത്.

ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാൻ പിണറായി വിജയൻ ഉണ്ടെന്നാണ് കേരളം പറയുന്നതെന്ന് എം.സ്വരാജ് എംഎൽഎ വ്യക്തമാക്കി . അവിശ്വാസപ്രമേയത്തെ എതിർത്ത് കൊണ്ടായിരുന്നു എം സ്വരാജിന്റെ പ്രസംഗം. സർക്കാരിന്റെ കയ്യിൽ കളങ്കമില്ലെന്ന് സ്വരാജ് പറഞ്ഞു . ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സപ്ലൈക്കോയിൽ ആവശ്യവസ്തുക്കളുടെ വില കൂട്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്ത് ഇടതുവിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങളെയും കൂട്ടുചേര്‍ത്താണ് ഇവരുടെ പ്രവര്‍ത്തനം. വി.ഡി. സതീശന്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പറഞ്ഞവാക്കുകളൊന്നും ഇന്ന് പറഞ്ഞില്ല. അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായി. നാലുമാധ്യമങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ടെന്നും എം സ്വരാജ് പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ അതിശക്തമായി എതിർക്കുന്നുവെന്നാണ് ഗണേഷ് കുമാർ എം എൽ എ പറഞ്ഞത് . ഞാനും മുതല മാച്ചാനും കൂടി ചേർന്ന് ഒരു കടുവയെ പിടിച്ചു എന്ന് പറയുന്ന ആൾ ആണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും . പിടി തോമസിനാണ് എങ്കിൽ എപ്പോഴും ആരോപണമാണ്. തെളിവ്, എന്തെങ്കിലും, ഒരു ചെറുകടലാസ് കയ്യിൽ ഇല്ലാത്ത ആളാണ് പിടി തോമസ്. ഇവരാണ് ഇത് അവതരിപ്പിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

അഴിമതിയെക്കുറിച്ച് പറയാൻ യുഡിഎഫിന് പറയാൻ യാതൊരു അവകാശവുമില്ല , മീൻ ഇല്ലാതെ മീൻകറി വെക്കുന്നവർ, നെയ്യ് ഒഴിക്കാതെ നെയ്യ് റോസ്റ്റ് ഉണ്ടാക്കും. കമ്പിയും സിമന്റും ഇല്ലാതെ പാലം നിർമ്മിക്കും. മോട്ടിക്കാൻ അല്ല അവരുടെ കൂടെ കുറെനാൾ നിന്നത്. അതുകൊണ്ട് ധൈര്യമായിട്ട് ഇതൊക്കെ പറയാം. ഞാൻ മോഷ്ടിക്കാൻ നിന്നവൻ അല്ല. അതുകൊണ്ടാണ് എനിക്ക് യുഡിഎഫിൽ നിന്ന് പോകേണ്ടിവന്നത്. കമ്പിയും സിമന്റും ഇല്ലാതെ പാലം പണിയാൻ കഴിയുമെന്ന് തെളിയിച്ച യുഡിഎഫുകാരാണ് ഇവിടെ അഴിമതിയില്ലാതെ കഴിഞ്ഞ നാലര വർഷമായി ഗവൺമെന്റ് മുന്നോട്ട് പോകുന്നത് കാണുന്നത്. ഇവിടെ ഇത്രയും ആരോപണങ്ങൾ ഒക്കെ പറഞ്ഞു.

എല്ലാം പറയുന്നത് അല്ലാതെ, ഒരു കടലാസ് ഈ മേശപ്പുറത്തേക്ക് വയ്ക്കൂ എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ മുഴുവൻ റോഡുകളും പ്രാദേശിക റോഡുകളടക്കം മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ ബി എം ആൻഡ് ബി സി ആക്കി സ്കൂളുകൾ എല്ലാം നവീകരിച്ച രവീന്ദ്ര മാഷിനെയും ഗണേഷ് കുമാർ അഭിനന്ദിച്ചു സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ എണ്ണി പറഞ്ഞാണ് ഗണേഷ് കുമാർ എം എൽ എ നിയമസഭയിൽ സംസാരിച്ചത്.

പ്രതിപക്ഷം എന്നാൽ പ്രതികളുടെ പക്ഷമാണെന്നാണ് മുല്ലക്കര രത്നാകരൻ നിയമസഭയിൽ പറഞ്ഞത് . ജനങ്ങളുടെ പ്രശ്നങ്ങൾ വേണം പ്രതിപക്ഷം സഭയിലും പുറത്തും കൊണ്ടുവരാന്‍. യോദ്ധ സിനിമയിൽ ജഗതിയും മോഹന്‍ലാലും സഹോദരൻ‍മാരാണ്. എല്ലാ മത്സരത്തിലും ജഗതി തോൽക്കും. അപ്പോൾ കാവിലെ പാട്ടുമത്സരത്തിന് കാണാമെന്നു പറഞ്ഞാണ് മോഹന്‍ലാലിനെ വെല്ലുവിളിക്കുന്നത്. എന്നാൽ അങ്ങനെ വെല്ലുവിളിയും കൊണ്ടു വന്നാൽ കോൺഗ്രസ് അടുത്ത തവണയും തോൽക്കുകയേ ഉള്ളൂവെന്നും മുല്ലക്കര പറഞ്ഞു.ഇത്തരത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നിയമസഭാ ചൂടേറിയ സംവാദത്തിന് വഴിവെയ്ക്കുകയായിരുന്നു.