ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അസമിൽ മത്സരിക്കില്ല: രഞ്ജന്‍ ഗൊഗോയി

single-img
23 August 2020

അസമിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയി.ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

‘ഞാനൊരിക്കലും ഒരു രാഷ്ട്രീയ നേതാവല്ല. അത്തരത്തില്‍ ഒരു ആഗ്രഹവും എനിക്കില്ല. ആ രീതിയില്‍ ഒരു വാഗ്ദാനവുമായി ആരും എന്നെ സമീപിച്ചിട്ടുമില്ല. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗവും സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് വളരെ നിര്‍ഭാഗ്യകരമാണ്’ -രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

‘ഒരിക്കല്‍ രാജ്യസഭയിലേക്ക് എന്നെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ ഞാന്‍ സ്വീകരിച്ചത് വളരെ ബോധപൂര്‍വ്വം തന്നെയാണ്. അതിനുള്ള കാരണം എന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് എനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ അവസരം ലഭിക്കുമല്ലോ എന്നതാണ്. അത് എങ്ങനെയാണ് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ല? ‘- അദ്ദേഹം വ്യക്തമാക്കി.