കിം മരിച്ചിട്ടില്ല, കോമയില്‍; സുപ്രധാന അധികാരങ്ങള്‍ സഹോദരിക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

single-img
23 August 2020

ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോംങ് ഉന്‍ ഇപ്പോൾ കോമയിലാണെന്നും രാജ്യത്തിന്റെ സുപ്രധാന ഭരണാധികാരങ്ങള്‍ സഹോദരിയായ കിം യോ ജോങിന് കൈമാറിയെന്നും ബ്രിട്ടൻ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റായിരുന്ന കിം ദായ് ജങിന്റെ അസിസ്റ്റന്റ് ചാങ് സോങ് മിന്നിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് മിറര്‍ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. കിം മരിച്ചിട്ടില്ല, പക്ഷെ കോമയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കുറച്ചു അധികാരങ്ങള്‍ സഹോദരിക്ക് നല്‍കുന്നതെന്ന് നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് (എന്‍ഐഎസ്) വിശദീകരണം നൽകി. ഉത്തര കൊറിയയിൽ കൊവിഡ് വൈറസ് വ്യാപിക്കുകയും തുടര്‍ച്ചയായി അവർ നടത്തിയ ആണവപരീക്ഷണങ്ങള്‍ പരാജയപ്പെടുകയും ഈ പരീക്ഷണങ്ങളുടെ പേരില്‍ മറ്റു രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതിനാൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വർഷം തന്നെ ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 11 ന് ശേഷം കിംമ്മിനെ മാധ്യമങ്ങളില്‍ തന്നെ കാണാതായതോടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.