ഡല്‍ഹി-ലണ്ടന്‍ ബസ് യാത്ര വരുന്നു; ടിക്കറ്റ് ചാര്‍ജ് 15 ലക്ഷം രൂപ

single-img
23 August 2020

ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിച്ച് ബസ് സര്‍വീസ് നടത്താനൊരുങ്ങി ടൂര്‍ കമ്പനി.
ഇന്ത്യയിലെ ഗുര്‍ഗ്രാമില്‍ നിന്നുള്ള ടൂര്‍ കമ്പനി നടത്തുന്ന ഡല്‍ഹിയില്‍നിന്ന് ലണ്ടന്‍ വരെയുള്ള യാത്രയ്ക്ക് 15 ലക്ഷം രൂപയാണ് ഒരു യാത്രക്കാരന് ടിക്കറ്റ് നിരക്ക്. ഈ സര്‍വീസ് ‘ബസ് ടു ലണ്ടന്‍’ എന്ന പേരിലാണ് നടത്തുക.

ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ പിന്നെ മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്താന്‍ റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്ന് പോകുന്നത്.

ബസില്‍ ആകെ 20 ബിസിനസ് ക്ലാസ് സീറ്റുകളാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നത്. ഇതില്‍ യാത്രക്കാര്‍ക്ക് പുറമെ ഡ്രെെവർ, അസിസ്റ്റന്റ് ഡ്രൈവര്‍, ഗൈഡ്, സഹായി എന്നിവരും ഉണ്ടായിരിക്കും. യാത്രയ്ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വിവരങ്ങള്‍ ഗൈഡ് പറഞ്ഞുതരികയും ചെയ്യും. മറ്റ് രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള യാത്രക്കാരുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റിങ് കമ്പനിതന്നെ നേരിട്ട് കൈകാര്യം ചെയ്യും.

ഈ ബസ് യാത്രയെ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് വിത്യസ്തമായ ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യകത. പക്ഷെ ഈ യാത്രയ്ക്കായി പ്രത്യേക പാക്കേജ് അനുസരിച്ച് പണം നല്‍കണം. ഇതിന് മുന്‍പ് അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്റ് എന്ന സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്‌സ് 2017, 2018, 2019 വര്‍ഷങ്ങളില്‍ ലണ്ടനിലേക്ക് റോഡ് യാത്ര നടത്തിയിരുന്നു.