ദാവൂദ് കറാച്ചിയിലുണ്ട്: ഒടുവിൽ സമ്മതിച്ച് പാകിസ്താൻ

single-img
23 August 2020

ദാവൂദ് ഇബ്രാഹിമടക്കമുള്ള ഭീകരർക്ക് അഭയം നൽകിയിട്ടുണ്ടെന്ന് ഒടുവിൽ പാകിസ്താൻ സമ്മതിച്ചു. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നാണ് പാകിസ്താൻ്റെ വെളിപ്പെടുത്തൽ. ദാവൂദിന്റെ കറാച്ചിയിലെ മേൽവിലാസവും പാകിസ്താൻ പുറത്തുവിട്ടിട്ടുണ്ട്. 

കറാച്ചിയിലെ ക്ലിഫ്ടണിലെ സൗദി മോസ്കിന് സമീപം വൈറ്റ്ഹൗസ് എന്നാണ് വിലാസം. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനെതിരായ യുഎൻ നടപടിയുടെ ഭാഗമായാണ് പാകിസ്ഥാൻ വിലാസം പുറത്തുവിട്ടത്. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാകിസ്താൻ്റെ വാദം. 

ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവരുടെ ഉൾപ്പെടെ 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും പാക്കിസ്ഥാൻ തീരുമാനിച്ചു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്തുകൾ കണ്ടുകെട്ടും. ബാങ്ക് ഇടപാടുകളും മരവിപ്പിക്കും. ദാവൂദടക്കമുള്ളവർക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് പാകിസ്താനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകര പ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നൽകിയത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.