സംസ്ഥാനത്ത് ഒക്ടോബറോടെ കോവിഡ് മൂർദ്ധന്യത്തിലെത്തും: 10,000 മുതല്‍ 15,000 വരെ രോഗബാധിതർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദർ

single-img
23 August 2020

കോവിഡ് വ്യാപനം കേരളത്തിൽ ഒക്ടോബറോടെ മൂർദ്ധന്യത്തിൽ എത്തുമെന്ന് വിദഗ്ധർ. കേരളത്തില്‍ രോഗികളുടെ പ്രതിദിന വര്‍ധന 10000 മുതല്‍ 15000 വരെ എത്താനുള്ള സാധ്യതയേറെയാണ്‌. ഇപ്പോള്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണം കൂടേണ്ടതായിരുന്നുവെന്നും ജാഗ്രതയും മൂന്‍കരുതലുമെടുത്തതുകൊണ്ടാണ്‌ എണ്ണം കുറഞ്ഞു നില്‍ക്കുന്നതെന്നും കോവിഡ്‌ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഇ.എന്‍.ടി. സര്‍ജനും ഐ.എം.എ.മുന്‍ സെക്രട്ടറിയുമായ ഡോ. ഹനീഷ്‌ മീരാസ പറഞ്ഞു. 

ഒക്ടോബറോടെ മൂർധന്യത്തിൽ എത്തുന്ന കോവിഡ് വ്യാപനം പിന്നീട്‌ കുറയുമെന്നും വിദഗ്ദർ പറയുന്നു. ആ സമയം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുവരും. വൈറസിന്റെ മാരകശേഷിയില്‍ നേരിയ കുറവുണ്ടായതായും വിലയിരുത്തലുണ്ട്. ഇത്‌ മരണസംഖ്യ കുറയ്‌ക്കുമെന്നും ഹനീഷ് പറയുന്നു. 

ഒട്ടുമിക്ക കോവിഡ്‌ ബാധിതര്‍ക്കും ലക്ഷണങ്ങള്‍ പോലുമുണ്ടാകില്ല. വൈറസ്‌വാഹകരായ ഇവര്‍ രോഗമറിയാതെ സമൂഹത്തില്‍ രോഗം പടര്‍ത്തുന്നതാണ്‌ ഇപ്പോഴുള്ള വിപത്ത്‌.

വൈറസിന്റെ രോഗാണുവാഹകശക്‌തി കൂടിയിട്ടുണ്ട്‌. എന്നാല്‍, വൈറസിന്റെ മാരകശേഷിയില്‍ കുറവുവന്നിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇറ്റലിയും അമേരിക്കയിലും ഉണ്ടായതുപോലുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാകില്ലെന്നും മനീഷ് ചൂണ്ടിക്കാണിക്കുന്നു. 

വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടുകതന്നെ ചെയ്യുമെന്ന്‌ കോവിഡ്‌ രോഗവിദഗ്‌ധനും എപ്പിഡെമെളോജിസ്‌റ്റും ക്യാന്‍സര്‍ രോഗവിദഗ്‌ധനുമായ ഡോ. അജു മാത്യു പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസം 3000 രോഗികള്‍ എന്നത്‌ ഉടനടി സംഭവിക്കും. ദിവസം 5000 എന്ന സംഖ്യയില്‍ എത്തിയശേഷം വര്‍ധനയുടെ തോത്‌ ഉച്ചസ്‌ഥായിയിലേക്കു കടക്കും. കോവിഡ്‌ സമൂഹത്തില്‍ 30 ശതമാനം പേര്‍ക്കെങ്കിലും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു.ഴ 

അതേസമയം കേരളത്തില്‍ രോഗവ്യാപനം ചെറിയ രീതിയിലേ വര്‍ധിക്കുന്നുള്ളൂ എന്നതാണ്‌ പ്രത്യാശ പകരുന്നത്െന്നും അദ്ദേഹം വ്യക്തമാക്കി. ഒരുദിവസം 5000 പേര്‍ക്ക്‌ പിടിപെട്ടാല്‍ ആരോഗ്യമേഖല സമ്മര്‍ദത്തിലാകുമെന്നും ഡോ. അജു മാത്യൂ പറഞ്ഞു. 

മാസ്‌ക്‌, ഫെയ്‌സ്‌ ഷീല്‍ഡ്‌, കൂട്ടം കൂടല്‍ കുറയ്‌ക്കുക, പൊതു സംവിധാനങ്ങള്‍ ഒഴിവാക്കുക എന്നിങ്ങനെയുള്ള സമൂഹവാക്‌സിന്‍ രീതികള്‍ പിന്തുടരണമെന്നൂം അദ്ദേഹം അഭിപ്രായപ്പെട്ടു. മരണനിരക്ക്‌ ഒരു ശതമാനത്തില്‍ താഴെ നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.