കോവിഡ് മഹാമാരി എന്ന് അവസാനിക്കും?: ലോകാരോഗ്യ സംഘടനയുടെ മറുപടിയെത്തി

single-img
22 August 2020

എങ്ങനെയായിരിക്കും മുന്നോട്ടുള്ള ജീവിതം എന്നുപോലും ചിന്തിക്കുവാൻ സാധ്യമല്ലാത്ത തരത്തിൽ കോവിഡ് 19 വൈറസ് വ്യാപനം ലോകത്ത് നടമാടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ജനങ്ങളുടെ ജീവിതം മാറിമറിഞ്ഞു. കോവിഡിനു മുമ്പും കോവിഡിനു പിമ്പും എന്നാൽ ശൈലി പോലും ലോകത്ത് രൂപപ്പെട്ടു കഴിഞ്ഞു. ഈ മഹാമാരി എന്ന് അവസാനിക്കും? ജനജീവിതം എന്ന് സാധാരണ നിലയിലാകും? ലോകം മുഴുവനുമുള്ള ജനങ്ങൾ തമ്മിൽ തമ്മിൽ തേടുന്നത് ഈ ചോദ്യങ്ങൾക്ക് ഉത്തരമാണ്. 

ഈ ചോദ്യത്തിന് ഉത്തരവുമായി ഒടുവിൽ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് 19നെ മറികടക്കാന്‍ സാധിക്കുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. സാങ്കേതികവിദ്യ അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കുന്ന ഈ സമയത്തു പോലും ലോകാരോഗ്യ സംഘടന പറയുന്നത് ഈ മഹാമാരി അവസാനിക്കുവാൻ രണ്ടുവർഷത്തോളം വേണമെന്നാണ്. അത്രയ്ക്ക് ഭീകരമായി വെെറസ് ലോകത്ത് വ്യാപിച്ചു കഴിഞ്ഞുവെന്ന് ചുരുക്കം. 

1918ലെ സ്പാനിഷ് ഫ്ലൂ അതിജീവിക്കാന്‍ രണ്ട് വര്‍ഷം വേണ്ടിവന്നിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ അതിലും വേഗം കോവിഡിനെ മറികടക്കാന്‍ ലോകത്തിന് സാധിക്കുമെന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറയുന്നത്.  അദ്ദേഹം തന്നെ പറയുന്ന മറ്റു ചില കാര്യങ്ങൾ കൂടി നോക്കുക. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ലോക ജനത അന്നത്തേതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ അടുത്തിരിക്കുന്നു എന്നതിനാല്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതേസമയം തന്നെ അതിനെ തടഞ്ഞ് നിര്‍ത്തുവാനുള്ള സാങ്കേതിക വിദ്യയും നമ്മുടെ കൈവശമുണ്ട്, ടെഡ്രോസ് പറഞ്ഞു. 

എന്നാൽ ഈ രോഗത്തിന് കൃത്യമായിട്ടുള്ള ഒരു വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ് സാഹചര്യങ്ങളെ വളരെ ഗുരുതരമാക്കുന്നത്. വിദ്യാഭ്യാസം പോലുള്ള രംഗങ്ങളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് അകലത്ത് ഇരുന്നുകൊണ്ടുതന്നെ അടുക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാമെങ്കിലും എല്ലാ കാര്യങ്ങളിലും അത് പ്രാവർത്തികമാക്കാൻ കഴിയില്ല എന്നു കൂടി ഓർക്കണം. വൈറസ് ബാധിച്ച അവസാനത്തെ ആളെ വരെ കണ്ടുപിടിച്ചു ചികിത്സിച്ചു ഭേദമാക്കുക എന്നുള്ളത് മൂലത്തിൽ വളരെ വലിയ ജോലിയാണ് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വയ്ക്കുന്നതും. 

കോവിഡ് വ്യാപനം തടയാൻ ദേശീയ ഐക്യവും ആഗോള സഹകരണവും വേണമെന്നു കൂടി സംഘടന വ്യക്തമാക്കുന്നുണ്ട്. കോവിഡ് വൈറസിലുണ്ടാവുന്ന മാറ്റങ്ങള്‍ അറിയാനും, ഇത് പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാനും കൂടുതല്‍ പഠനം വേണമെന്നും ഡബ്ല്യുഎച്ച്ഒ എപ്പിഡെമോളജിസ്റ്റ് മാരിയ വാന്‍ പറഞ്ഞു. 

1918ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂവിനെ തുടര്‍ന്ന് 50 മില്യണ്‍ ആളുകളാണ് മരിച്ചത്. കോവിഡ് ഇതുവരെ കവര്‍ന്നത് 800,000ളം ജീവനുകള്‍. 22.7 മില്യണ്‍ ആളുകള്‍ കോവിഡ് ബാധിതരായി മാറിക്കഴിഞ്ഞു. ഫലപ്രദമായ ഒരു വാക്സിൻ്റെ അഭാവത്തിൽ ഈ മഹാമാരിയെ എങ്ങനെ പിടിച്ചു കിട്ടുമെന്നുള്ള പദ്ധതി ലോകരാഷ്ട്രങ്ങൾക്ക് ഇനിയും പിടികിട്ടിയിട്ടില്ല എന്നുള്ളതാണ് വ്യക്തം.