വീരപ്പന്‍ സനീഷ് കൊലപാതകം;നാഗമ്മ സമീറയുടെ പങ്ക് കണ്ടെത്തി പോലീസ്

single-img
22 August 2020

കോടശ്ശേരിയില്‍ ‘വീരപ്പന്‍ സനീഷ്’ എന്ന സനീഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാഗമ്മ എന്ന നാഗമ്മ സമീറയുടെ പങ്ക് വ്യക്തമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സനീഷും ഇസ്മയിലും അസീസും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. നാഗമ്മയുമായി സനീഷിനുള്ള ബന്ധത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സനീഷിനെ കെട്ടിയിട്ട് കല്ലുകൊണ്ട് ഇടിച്ചതായും വാളുകൊണ്ട് വെട്ടിയതായും പ്രതികൾ സമ്മതിച്ചു. നാഗമ്മയും സനീഷിനെ ആക്രമിക്കാൻ ഇവരോടൊപ്പം ചേർന്നിരുന്നു.

സമീപവാസികളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് രാത്രിതന്നെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്. ഇസ്മയിലിന്റെ പേരിൽ പേരാമംഗലം, നെടുപുഴ സ്റ്റേഷനുകളിൽ കൊലക്കേസുണ്ട്. ഗുണ്ടാനേതാവ് ചപ്ലി ബിജുവിനൊപ്പമാണ് ഇയാൾ അക്രമങ്ങൾ മുൻപ് നടത്തിയിരുന്നത്. നെടുപുഴയിൽ കാപ്പ കേസിലും പ്രതിയാണ്. അസീസിനും ക്രിമിനൽ പശ്ചാത്തലമുണ്ട്.

അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജിനു പുറമെ വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി, എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐ.മാരായ പി.ആർ. രാജീവ്, കെ.കെ. സനിൽകുമാർ, രവി, എ.സി.പി. ഓഫീസിലെ സി.പി.ഒ.മാരായ കബീർ, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാഴാഴ്ച രാത്രിയിലാണ് നായാടി കോളനിയിൽ കൊലപാതകം നടന്നത്. തലയില്‍ മൂന്ന് വെട്ടുകൊണ്ട മുറിവുകളുണ്ട്. ശരീരമാസകലം മർദനമേറ്റ അടയാളമുണ്ട്. വേലൂരിൽ പന്തൽ നിർമാണ തൊഴിലാളിയായ സനീഷ്​ എരുമപ്പെട്ടി പൊലീസ്​ സ്​റ്റേഷനിലെ റൗഡി ലിസ്​റ്റിൽ പെട്ടയാളാണ്. കൊലപാതകത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ കുന്നംകുളത്തെ ക്വാർട്ടേഴ്സിൽനിന്നാണ്​ പൊലീസ് പിടികൂടിയത്​.

ഏറെ വിചിത്രമാണ് നാഗമ്മ സമീറയുടെ ജീവിതം, വർഷങ്ങൾക്കുമുൻപ് അമ്മയുടെ മൃതദേഹത്തിനു മുന്നിൽ കുഞ്ഞുസഹോദരിയെ ഒക്കത്തുവെച്ച് കരഞ്ഞുകൊണ്ടു നിന്ന പെൺകുട്ടിയാണ് നാഗമ്മ. ‘അമ്മ മരിക്കുമ്പോൾ രണ്ട് സഹോദരന്മാരുടെയും സംരക്ഷണം നാഗമ്മയുടെ ചുമലിലായിരുന്നു. അന്ന് അവരുടെ അച്ഛൻ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇന്നിപ്പോൾ നാഗമ്മ എന്ന അന്നത്തെ പെൺകുട്ടി കൊലപാതകക്കേസിലെ പ്രതി. ഏറെ ദുരൂഹതനിറഞ്ഞതായായിരുന്നു നാഗമ്മയുടെ പിന്നീടുള്ള ജീവിതം. സഹോദരങ്ങൾ ഇപ്പോഴും നാഗമ്മയുടെ ഒപ്പമുണ്ട്. ഇസ്മയിൽ ഇതിനിടയിൽ കോളനിയിലെത്തിച്ചേർന്നതാണ്. ഇയാളെ വിവാഹം കഴിച്ച് കുട്ടികളായതോടെ നാഗമ്മ സമീറയായി. ഇവർക്ക് രണ്ട കുട്ടികളുണ്ട്. ഇസ്മയിലും ‘അനിയനെപ്പോലെ’ എന്നു പറയുന്ന അസീസും കോളനിയിൽ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇവരുടെ ജോലി എന്താണെന്ന് സമീപത്തുള്ളവർക്കാർക്കും ഒരറിവുമില്ല.

മുണ്ടത്തിക്കോടിന്റെയും വേലൂരിന്റെയും അതിർത്തികളെ വേർതിരിക്കുന്നത് കോടശ്ശേരി മലയാണ്. എല്ലാ ലഹരികളുടെയും താവളം. കോളനിയിൽ തുടക്കത്തിൽ ഏഴ് കുടുംബങ്ങളുണ്ടായിരുന്നു. പിന്നീട് പലരും ഇവിടം വിട്ടു. ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടേയ്ക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവർ ഒളിവിൽ കഴിയാനും മറ്റും എത്തും.

കൊലപാതകവും പ്രായപൂർത്തിയാവുന്നതിനു മുൻപുള്ള പ്രസവവും കോളനിയെ കുപ്രസിദ്ധമാക്കി. കോളനിയിലെ വീടുകളിൽ പലതിനും ജനലിന് അഴികളില്ല. വാതിലുകളുമില്ല. മദ്യപിക്കാൻ പണമില്ലാതെയാകുമ്പോൾ അഴിച്ചെടുത്ത് ആക്രിക്കടകളിൽ കൊണ്ടുപോയി വിൽക്കുന്നതിനെത്തുടർന്നാണിത്. കൂലിപ്പണിക്ക് പോകുന്നവർ അപൂർവം.

ചിലർ വല്ലപ്പോഴും തെങ്ങു കയറാൻ പോകും. വെള്ളവും വെളിച്ചവും ഒരിടത്തുമില്ല. നേരത്തേ വെള്ളമെത്തിച്ചിരുന്ന പൈപ്പുകളും ടാപ്പുകളുമെല്ലാം എവിടെയെന്നു പോലും അറിയില്ല. ഇക്കാരണങ്ങളാൽ ഒറ്റപ്പെട്ട ഇവിടേയ്ക്ക് എന്തു നടന്നാലും ആരും എത്തിനോക്കാറില്ല. വ്യാഴാഴ്ച നടന്ന കൊലപാതകവും നാട് ശ്രദ്ധിക്കാതിരുന്നത് ഈ കാരണങ്ങളാലാണ്. അതിക്രൂരമായാണ് യുവാവിനെ കൊന്നതെന്ന് സമീപവാസികൾ പോലീസിനോട് വിശദീകരിച്ചത് വിട്ടുമാറാത്ത ഭീതിയോടെയായിരുന്നു.