മീൻ വിൽപ്പനക്കാരിൽ നിന്നും പിടിച്ചെടുത്ത മീൻ മറിച്ചു വിറ്റു, വീട്ടിൽ കൊണ്ടുപോയി, സ്റ്റേഷനിലുള്ളിൽ പാചകം ചെയ്തു കഴിച്ചു: മൂന്ന് എഎസ്ഐമാർക്ക് എതിരെ നടപടി

single-img
22 August 2020

വിൽപ്പനക്കാരിൽ നിന്നും, പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പൊലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാരെയാണ് മീൻ വിറ്റതിന് സ്ഥലം മാറ്റിയത്. നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. 

നാട്ടുകാർ വലവീശി പിടിച്ച മീൻ പൊലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത് വാർത്തയായതിന് പിന്നാലെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട പ്രധാന എസ്ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. 

കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തുകയും ചെയ്തു. ബാക്കി മീൻ വീട്ടിലേക്കു കൊണ്ടുപോയെന്നും ആരമാപണം ഉയർന്നിരുന്നു

ഇവ കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരുന്നെന്നും ആരോപണം ഉയർന്നിട്ടുണ്ട്.  ഒരു എസ്ഐ, എഎസ്ഐമാർ ചില സിവിൽപൊലീസ് ഓഫിസർമാരും ഉൾപ്പെടെ ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. 

സഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നൽകി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവത്തിൽ ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടിയുണ്ടായിരിക്കുന്നത്.