പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ

single-img
22 August 2020

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ. സർക്കാർ നൽകുന്ന ഓണക്കിറ്റില്‍ പറഞ്ഞ തുകയുടെ സാധനങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഷമ്മി തിലകൻ വിമർശനവുമായി രംഗത്തെത്തിയത്. 

  ‘പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണമെന്നും ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരുമെന്നും  അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 

ഷമ്മി തിലകൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

മാവേലി_നാടുവാണീടുംകാലം

മാനുഷരെല്ലാരും_ഒന്നുപോലെ..!

ആമോദത്തോടെ_വസിക്കുംകാലം

ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും

കള്ളവുമില്ലചതിയുമില്ലാ..; എള്ളോളമില്ലാ_പൊളിവചനം..!

എന്ന് നമ്മള്‍ പാടി കേട്ടിട്ടുണ്ട്..എന്നാല്‍. ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും. പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു. കേട്ടിട്ടില്ലേ..? കള്ളപ്പറയും_ചെറുനാഴിയും..; കള്ളത്തരങ്ങള്‍_മറ്റൊന്നുമില്ല.? 

ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് സപ്ലൈകോസാറമ്മാരുടെ ന്യായം പറച്ചില്‍.

ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്‌സ്‌മെന്റിന്റേയും, N.I.Aയുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!? ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ.. ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക.ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും.