10 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ചൈനയിലെ എണ്ണ ശുദ്ധീകരണ ശാലാ നിര്‍മാണം സൗദി നിര്‍ത്തിവെച്ചു

single-img
22 August 2020

സൗദി അറേബ്യയിലെ വന്‍കിട എണ്ണ കമ്പനിയായ ആരാംകോ ചൈനയില്‍ നിര്‍മിക്കാനിരുന്ന റിഫൈനിംഗ് ആന്റ് പെട്രോകെമിക്കല്‍ സമുച്ചയ പദ്ധതി നിര്‍ത്തിവെച്ചു . ഏകദേശം 10 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കാനിരുന്ന എണ്ണ ശുദ്ധീകരണ ശാല ലോകവ്യാപകമായി എണ്ണ വിപണി ഇടിഞ്ഞ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിര്‍ത്തി വെക്കുന്നത് എന്നാണ് വിശദീകരണം നല്‍കിയത്.

ചൈനയിലെ ലിയനിങില്‍ ആണ് ആരാംകോ ഈ ശുദ്ധീകരണ ശാല നിര്‍മിക്കാനിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പദ്ധതിയിലേക്കുള്ള നിക്ഷേപം നിര്‍ത്തി വെക്കാനുള്ള തീരുമാനം എടുത്തത്. പക്ഷെ ഇതുവരെ ആരാംകോ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയിട്ടില്ല .

ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പ് എന്ന കമ്പനിയുമായി ചേര്‍ന്നായിരുന്നു ഈ കരാര്‍ നടപ്പാക്കാന്‍ ഇരുന്നത്. സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 2019 ഫെബ്രുവരിയില്‍ നടത്തിയ ചൈന സന്ദര്‍ശനത്തിലാണ് ഈ റിഫൈനിംഗ് പ്ലാന്റ് നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പു വെച്ചത്.