നിരീക്ഷണം 14 ദിവസം മാത്രം; സംസ്ഥാനത്തെ  കൊവിഡ്   പ്രോട്ടോക്കോളിലെ മാറ്റങ്ങൾ അറിയാം

single-img
22 August 2020

കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യവകുപ്പ്. കൊവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുളള ക്വാറന്റീൻ സംബന്ധിച്ച കാര്യങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്തിയത്.

ഇത്തരത്തിലുള്ള രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിലുളളവർ മാത്രം ഇനി മുതൽ 14 ദിവസത്തെ നിരീക്ഷണത്തിൽ പോയാൽ മതിയാകും. രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും മാറി നിൽക്കണം.

ലോ റിസ്ക് വിഭാഗത്തില്‍ പെടുന്നവരെ കൂടാതെ സെക്കൻഡറി കോണ്ടാക്ടിൽ വന്നവർക്കും ഈ നിർദേശം ബാധകമാണ്. അതേസമയം സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും കർശനമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.

കേരളത്തിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവർക്കുളള നിലവിലെ 28 ദിവസത്തെ ക്വാറന്റീനും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം കേരളത്തിലേക്ക് വരുന്നവർ ഇനിമുതല്‍ 14 ദിവസം മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.