‘കൈലാസിയന്‍ ഡോളര്‍’; തന്റെ കൈലാസ രാജ്യത്തെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കറന്‍സി വെളിപ്പെടുത്തി ആള്‍ദൈവം നിത്യാനന്ദ

single-img
22 August 2020

തന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യ വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ തന്റെ സ്വയം പ്രഖ്യാപിത രാജ്യത്തെ നാണയങ്ങള്‍ പുറത്തിറക്കി.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസമെന്ന് പേര് നല്‍കി വിശേഷിപ്പിച്ചിരിക്കുന്ന രാജ്യത്തെ കറന്‍സി രൂപം വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണ്ണത്തില്‍ പണിത നാണയങ്ങള്‍ ‘കൈലാസിയന്‍ ഡോളര്‍’ എന്നാണ് അറിയപ്പെടുക എന്നും അദ്ദേഹം പറയുന്നു.ഭാരതീയ സംസ്‌കൃതത്തില്‍ സ്വര്‍ണമുദ്ര / സ്വര്‍ണ പുഷ്പം എന്നും. തമിഴില്‍ പൊര്‍കാസ് എന്നും ഇത് അറിയപ്പെടും.

ഏകദേശം 11.66 ഗ്രാമോളം സ്വര്‍ണമാണ് ഒരു സ്വര്‍ണമുദ്രയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ നാണ്യ ശ്രേണിയില്‍ കാല്‍കാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് എന്നിങ്ങിനെ കാസുകളുണ്ടാകും. നിലവില്‍ നാണയങ്ങളുടെ അച്ചടി ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായതായി നിത്യാനന്ദ പോസ്റ്റില്‍ പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിത്യാനന്ദ തന്നെയാണ് കൈലാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായി ലോകത്തെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് ബാങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചത്. ഇന്നത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും നിത്യാനന്ദ അന്ന് വ്യക്തമാക്കിയിരുന്നു.