ഇസ്രയേലിൽ പതിനാറുകാരിയെ 30 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു: മനുഷ്യരാശിയോടുള്ള ഏറ്റവും വലിയ ക്രൂരതയെന്ന് നെതന്യാഹു

single-img
22 August 2020

ഇസ്രയേലിൽ16 വയസുള്ള പെൺകുട്ടിയെ 30 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തീരദേശ നഗരമായ എയ്‌ലെറ്റിലെ ഒരു റിസോർട്ടിൽ വച്ചാണ് 16കാരിയെ ലഹരി മരുന്ന് നൽകി പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ജറുസലേം ഉൾപ്പെടെയുള്ള നഗരങ്ങളിൽ യുവജന സംഘടനകൾ അടക്കമുള്ളവർ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുകയാണ്. 

കഴിഞ്ഞാഴ്ച സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി എയ്‌ലെറ്റിൽ എത്തിയത്. ഇതിനിടെ ചിലർ ചേർന്ന് പെൺകുട്ടിയെ ഇവിടുത്തെ റിസോർട്ടിലെ ഒരു മുറിയിലേക്ക് കടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ പീഡന ദൃശ്യങ്ങൾ ഇവർ ഫോണുകളിൽ പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ ഒരു സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

ഈ സംഭവം തന്നെ ഞെട്ടിച്ചതായും ഒരു പെൺകുട്ടിയോട് മാത്രമല്ല, മനുഷ്യരാശിയോട് തന്നുള്ള ഏറ്റവും വലിയ ക്രൂരതയാണ് ഇതെന്നും കുറ്റവാളികൾ എല്ലാ തരത്തിലുള്ള കടുത്ത ശിക്ഷയ്ക്കും അർഹരാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കുറ്റവാളികളെ ഉടൻ നീതിയുടെ വെളിച്ചത്തിൽ കൊണ്ടുവരുമെന്നും നെതന്യാഹു വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേർ 20നും 30നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവരിൽ ഒരാളുടെ ഫോണിൽ നിന്നും പീഡന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.