വിവാഹ മോചനത്തിന് പിന്നാലെ ശതകോടി നേടിയവർ

single-img
22 August 2020

വിവാഹ മോചനം വഴി കോടികൾ,ശതകോടികൾ നേടിയവരുടെ കഥ തീർത്തും ഞെട്ടിക്കുന്നതാണ്.
2019ൽ ഒരു ശതകോടീശ്വരൻ വിവാഹമോചനം നേടിയപ്പോൾ. ജീവനാംശമായി അയാൾ ഭാര്യയ്ക്ക് നൽകിയതു തന്റെ കമ്പനിയുടെ 35 ബില്യൻ ‍ഡോളർ അതായത് ഏകദേശം 2.5 ലക്ഷം കോടി രൂപ വിലയുള്ള ഓഹരികളായിരുന്നു ഞെട്ടണ്ട സത്യമാണ് . ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാംശമായി പിനീട് അത് അറിയപ്പെടുകയും ചെയ്തു. ആ ശതകോടീശ്വരന്റെ പേര് ജെഫ് ബെസോസ് എന്നായിരുന്നു ഒരുപക്ഷെ അയാളുടെ കമ്പനിയുടെ പേര് പറഞ്ഞാൽ ആളെ പെട്ടെന്ന് പിടികിട്ടും, ആമസോൺ.അതെ ആമസോണിന്റെ മുതലാളി ജെഫ് ബെസോസ്. അദ്ദേഹത്തിന്റെ ഭാര്യ മക്കെൻസിയുമായുള്ള 25 വർഷം നീണ്ട വിവാഹബന്ധം വേർപെടുത്താനാണ് ബെസോസ് ഈ തുക നൽകിയത്. ജീവനാംശം ലഭിച്ചതോടെ അന്നത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മക്കെൻസി എത്തുകയും ചെയ്തു. ടെലിവിഷൻ ആങ്കറും സുഹൃത്തിന്റെ ഭാര്യയുമായിരുന്ന ലോറൻ സാഞ്ചസുമായുള്ള ബെസോസിന്റെ വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ബെസോസ്–മക്കെൻസി വിവാഹമോചനം വളരെയേറെ ചർച്ച ചെയ്യപ്പെട്ട വിവാഹമോചനം തന്നെയായിരുന്നു . നിരവധി കഥകളും ഉപകഥകളുമായി ഒട്ടനവധി പ്രചാരണങ്ങളും ഈ വിവാഹമോചനത്തെ ചുറ്റി പറ്റിയുണ്ടായി. കിംവദന്തികളേക്കാൾ ആളുകളെ ആകർഷിച്ചത് ആ ഭീമമായ ജീവനാംശ തുക തന്നെയായിരുന്നു. പല കാലഘട്ടത്തിലും ഉയർന്ന തുകകൾ ജീവനാംശമായി നൽകി വിവാഹമോചനങ്ങൾ നടന്നിട്ടുണ്ട്. ചിലതെല്ലാം അക്കാലത്തെ ആളുകൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത തുകയായിരുന്നു. അങ്ങനെ ലോകം ഞെട്ടിയ വിവാഹമോചനകളുടെ പട്ടിക നിരവധിയാണ് . ബെസോസ് ദമ്പതികളുടെ വിവാഹമോചനം വരെ ലോകത്തിലെ ഏറ്റവും ഉയർന്ന ജീവനാംശം നൽകിയ റെക്കോർഡ് അമേരിക്കൻ ബിസിനസുകാരൻ അലെക് വിൽഡൻസ്റ്റീന്റെ പേരിലായിരുന്നു. ഭാര്യയായിരുന്ന ജോസെലിന് ജീവനാംശമായി അന്നു നൽകിയത് 3.8 ബില്യൻ ഡോളർ‌ (ഏകദേശം 16360 കോടി രൂപ) ആയിരുന്നു. 1978 ൽ വിവാഹിതരായ ഇവർ 1999 ലാണ് വേർപിരിയാന്‍ തീരുമാനിച്ചത്. അലെക്കിന് ഒരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധമാണ് ഇവരുടെ കുടുംബ ജീവിതത്തിന്റെ താളം തെറ്റിച്ചത്. എന്നാൽ ‍ജോസെലിന്റെ അത്യാഡംബരം നിറഞ്ഞ ജീവിതവും സൗന്ദര്യം നിലനിർത്താൻ നടത്തിയ കണക്കില്ലാത്ത പ്ലാസ്റ്റിക് സർജറികളുമാണ് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾക്കു കാരണമായെതെന്നും റിപ്പോർട്ടുകളുണ്ട്. 2008 ൽ 67-ാം വയസ്സിൽ അർബുദം ബാധിച്ച് അലെക് അന്തരിച്ചു. ധൂർത്തു നിറഞ്ഞ ജീവിതം 2018ൽ ‍ജോസെലിനെ കടക്കെണിയിൽ എത്തിച്ചതും വാർത്തയായിരുന്നു.

ഹോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹമോചനമായിരുന്നു ആക്‌ഷൻ ഹീറോയും സംവിധായകനുമായ മെൽ ഗിബ്സിന്റേത്. മനോഹരമായ ഒരു പ്രണയത്തിന്റെ അവസാനം കൂടിയായിരുന്നു അത്. മെൽ ഗിബ്സൺ പ്രശസ്തിയിലേക്കുയരുന്നതിനു മുൻപ്, 1970കളുടെ അന്ത്യത്തിൽ ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിൽ വച്ചാണ് ഡെന്റൽ ക്ലിനിക്കിൽ നഴ്സായിരുന്ന റോബിൻ മൂറിനെ കാണുന്നത്. ഇരുവരും പ്രണയത്തിലാവുകയും വൈകാതെ വിവാഹിതരാവുകയും ചെയ്തു. സിനിമ പോലെ മനോഹരമായ ഇവരുടെ പ്രണയം വളരെയധികം ആഘോഷിക്കപ്പെട്ടു. പിന്നീട് മെൽ ഗിബ്സൺ ഹോളിവുഡിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നപ്പോൾ ആ വിജയത്തിനു പിറകിൽ റോബിന്റെ കരുതലുമുണ്ടായിരുന്നു. 2009ൽ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പിരിയാൻ തീരുമാനിച്ചപ്പോൾ മെൽ ഗിബ്സൺ തന്റെ സ്വത്തിന്റെ പകുതിയായ 425 മില്യൻ ഡോളർ (1920 കോടി രൂപ) റോബിനു നൽകി.

2013ൽ മെല്ലിന്റെ പുതിയ കാമുകി ഗാർഹിക പീഡനക്കേസുമായി കോടതി കയറിയപ്പോൾ മുൻഭർത്താവിനെ പിന്തുണച്ച് റോബിൻ രംഗത്തെത്തിയതും വാർത്തയായിരുന്നു. 26 വർഷം നീണ്ട ദാമ്പത്യത്തിനിടെ ഗിബ്സണിൽ നിന്ന് അത്തരമൊരു പെരുമാറ്റം ഒരിക്കലും ഉണ്ടായിട്ടില്ലെന്നായിരുന്നു റോബിൻ പ്രതികരിച്ചത്. ഇനി അത്തരത്തിൽ ഓർക്കപെടാൻ സാധ്യതയേറെ ഉള്ളത് അദ്നാൻ ഖഷോഗി ‌ജീവിതമാണ് . വിവാദങ്ങൾ നിറഞ്ഞ ജീവിതം വാർത്തകളിൽ എന്നും നിറഞ്ഞു നിന്നു. 1979 ലാണ് ഭാര്യ സൊറായയുമായുള്ള ബന്ധം അദ്നാൻ വേർപ്പെടുത്തുന്നത്. ആ വിവാഹമോചനവും വാർത്തകളിൽ ഇടം നേടിയത് ജീവനാംശത്തിന്റെ പേരിലാണ്. 875 മില്യൻ ഡോളറാണ് (അന്നത്തെ നിരക്കിൽ ഏകദേശം 890 കോടി രൂപ) അദ്നാൻ നൽകിയത്. അക്കാലത്തു കേട്ടുകേൾവി പോലുമില്ലാത്ത തുകയായിരുന്നു അത്. സൊറായ ഒരു ബ്രിട്ടീഷുകാരിയായിരുന്നു. സാൻഡ്ര ഡാലി എന്നാണ് യഥാർഥ പേര്. ആഡംബരം നിറഞ്ഞ ജീവിതത്തിനിടയിൽ ഇരുവർക്കുമുണ്ടായ വഴിവിട്ട ബന്ധങ്ങളായിരുന്നു വിവാഹമോചനത്തിൽ കലാശിച്ചത്. അങ്ങനെ ഇനിയും എത്ര എത്ര വിവാഹമോചനങ്ങൾ, കോടികൾ വിലയുള്ള ജീവനാംശത്തിന്റെ കഥ ഇത്തരത്തിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു.