ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; സാമ്പത്തിക സഹായങ്ങള്‍ നിലച്ചപ്പോള്‍ തുറന്ന് പറഞ്ഞ് പാകിസ്താന്‍

single-img
22 August 2020

രാജ്യത്തുള്ള നിരോധിക്കപ്പെട്ട 88 ഭീകരസംഘനകളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പാകിസ്താന്‍ തീരുമാനിച്ചു.
പ്രധാനമായും ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എഎന്നീ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കും. ഇതോടൊപ്പം തന്നെ ഇന്ത്യ തേടുന്ന ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്താന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

തങ്ങള്‍ ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു ദീര്‍ഘ കാലമായി പാകിസ്താന്‍ നടത്തിയിരുന്ന അവകാശവാദം. ഫ്രാന്‍സിലെ പാരിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) പാകിസ്താനെ 2018ല്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പാകിസ്താന് ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് അവര്‍ സമയം നല്‍കിയത് എങ്കിലും കോവിഡ് വ്യാപനത്തോടെ സമയം വീണ്ടും നീട്ടി നല്‍കുകയായിരുന്നു. എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ ഒരു രാജ്യത്തിന് രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.

അതുകൊണ്ടുതന്നെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുകടക്കുന്നതിനായി പാകിസ്താന്‍ നടത്തുന്ന അവസാന ശ്രമമാണ് ഇപ്പോള്‍ കാണുന്നത്. ഐഎംഎഫ്, വേള്‍ഡ്ബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് നടപടിക്ക് പാകിസ്താന്‍ തയ്യാറായത്.