വീണ്ടും പ്രകോപനം; കൈലാസ – മാനസരോവര്‍ പ്രദേശങ്ങളില്‍ മിസൈല്‍ വിന്യാസവുമായി ചൈന

single-img
22 August 2020

ഇന്ത്യൻ അതിർത്തിയുടെ സമീപത്തായി മിസൈലുകളും മറ്റും സ്ഥാപിച്ച് പ്രകോപനവുമായി ചൈനീസ് സൈന്യം. ഇന്ത്യയുടെ അതിർത്തിയിൽ നിന്നും കേവലം 90 കിലോമീറ്റർ അപ്പുറം കൈലാസ – മാനസരോവർ പ്രദേശങ്ങളിലാണ് ചൈന തങ്ങളുടെ സർഫസ് ടു എയർ മിസൈലുകൾ വിന്യസിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ഇന്ത്യ ചൈനയുടെ പുതിയ നീക്കങ്ങൾ അരിഞ്ഞത്. പ്രദേശത്തിൽ എസ്എഎമ്മിന്റെ എച്ച്.ക്യൂ 9 ശ്രേണിയിലുള്ള മിസൈലുകൾ ടാർപ്പോളിനാൽ മറച്ചതും അടുത്തുതന്നെ മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും സൈനിക ബാരക്കുകളും സജ്ജീകരിച്ചിരിക്കുന്നതായും കാണാൻ സാധിക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ ഈ പ്രദേശത്ത് ഈ വർഷം ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ചൈന പൂർത്തിയാക്കിയതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്.ഹിന്ദുക്കളുടെയും ബുദ്ധന്മാരുടെയും പ്രധാന ആരാധനാ പ്രദേശങ്ങളായ കൈലാസ -മാനസരോവർ പ്രദേശങ്ങൾക്ക് ഇപ്പോൾ ഒരു യുദ്ധക്കളത്തിനോടാണ് സാദൃശ്യം.

ഇവിടെയുള്ള രക്ഷാസ്ഥൽ, ഗൗരി കുണ്ഡ് എന്നീ പ്രദേശങ്ങളിൽ നിലവിൽചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശക്തമായ സാന്നിധ്യവുമുണ്ട്. ഇന്ത്യയുടെ അതിർത്തിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്തുള്ള ചൈനീസ് സേനയുടെ സാന്നിധ്യവും സേനയുടെ കൈവശം വച്ചിരിക്കുന്ന ഷോർട്ട് റേഞ്ച് മിസൈലുകളും തീർച്ചയായും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നൽകുന്നതാണ്.