ബാബരി മസ്ജിദ് തകര്‍ത്ത കേസ്: സെപ്റ്റംബര്‍ 30നുള്ളില്‍ വിധി പറയണമെന്ന് സുപ്രീം കോടതി

single-img
22 August 2020

ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നുള്ളില്‍ വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി . നേരത്തെ വിധി പറയാന്‍ ആഗസ്റ്റ് 31 വരെയായിരുന്നു സുപ്രീം കോടതി വിചാരണ കോടതിക്ക് സമയം അനുവദിച്ചിരുന്നത്.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് 2017 ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയതാണ്. അതേസമയം ‘സ്‌പെഷ്യല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന് വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി 2020 സെപ്റ്റംബര്‍ 30 വരെ അനുവദിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി,രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികള്‍.