സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന് വിദഗ്ദർ: കാരണം ചെറപ്പക്കാരിലെ രോഗബാധ

single-img
21 August 2020

കോവിഡ് വ്യാപനം അതിരൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നത്. ദിനംപ്രതി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഭൂരിഭാഗവും സമ്പർക്കം വഴിയുള്ളതാണ്. ഗുരുതരമായ പ്രതിസന്ധിയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്. അതിനിടയിലാണ് സംസ്ഥാനത്തെ സംബന്ധിച്ച് പ്രതിസന്ധി ഉയർത്തുന്ന മറ്റൊരു റിപ്പോർട്ട് പുറത്തുവരുന്നത്. 

സംസ്ഥാനത്ത് കോവിഡ് ബാധിതരാവുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവാണ് ആശങ്കയുണ്ടാക്കുന്നത്. നിലവിൽ രോ​ഗമുക്തി നിരക്ക് കുറവാണെങ്കിലും വരും ദിവസങ്ങളിൽ മരണനിരക്ക് ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. രോഗവ്യാപനത്തിന്‍റെ അടുത്തഘട്ടത്തിൽ യുവാക്കളിൽ നിന്ന് വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യുവാക്കളിൽ രോഗവ്യാപനം കൂടുതലാണെങ്കിലും പ്രതിരോധശേഷിയുള്ളതിനാൽ അവർക്ക് രോഗത്തിനെതിരെ പിടിച്ചുനിൽക്കാനാകും. എന്നാൽ പ്രായമായവരുടെ കാര്യം അങ്ങനെയല്ല എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

എറണാകുളം ജിലലയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചവരിൽ 61 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. പ്രായം കുറഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിച്ചതും അവര്‍ വേഗത്തിൽ രോഗമുക്തി നേടുന്നതും രോഗമുക്തി നിരക്ക് കൂട്ടി. മരണനിരക്കും കുറ‌ഞ്ഞു. എന്നാൽ രോഗലക്ഷണങ്ങളും, രോഗതീവ്രതയും കുറഞ്ഞ ഈ വിഭാഗത്തിൽ നിന്ന് കുടുംബത്തിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത വരും ദിവസങ്ങളിൽ കൂടുതലാണ്. 

സംസ്ഥാനത്ത് ആവശ്യത്തിന് ഐസിയു വെന്‍റിലേറ്ററുകൾ സജ്ജീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ മരണ നിരക്ക് ഉയർന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ലോകം നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച അവസ്ഥയിൽ മുതിർന്നവരും ഇപ്പോൾ വീടിനു പുറത്തേക്ക് ഇറങ്ങുന്നുണ്ട്. ഇത്തരത്തിൽ ഇറങ്ങുന്നവരെ ആരും തടയുവാനില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള ആൾക്കാർ ആൾക്കൂട്ടങ്ങളുമായി ഇടപഴകുമ്പോൾ രോഗവ്യാപനം വർദ്ധിക്കുവാൻ സാധ്യതയുണ്ട്. പ്രായമായവർക്ക് ഇത്തരത്തിൽ രോഗം പിടിപെട്ടാൽ അത് സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. 

നിലവിൽ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു, ഓക്സിജൻ സഹായം ലഭ്യമാക്കേണ്ടി വരുന്നത്. എന്നാൽ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാൽ ഇത് 10 മുതൽ 12 ശതമാനം വരെ എത്തുമെന്നുള്ളതാണ് യാഥാർത്ഥ്യം. സർക്കാർ സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്ത് 1000 വെന്‍റിലേറ്ററുകളും, 3000 ഐസിയു കിടക്കകളും ലഭ്യമാണെന്നാണ് ഏകദേശ കണക്ക്. സ്ഥിതി വഷളായാൽ ഇത് തികയാതെ വരും. സംസ്ഥാനം ഗുരുതരമായ കോവിഡ് പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും. 

കോവിഡ് ബാധിച്ച് മരിച്ച 182 പേരിൽ 130 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. സമ്പർക്ക വ്യാപനം ഇത്തരത്തിൽ ഉയരുകയാണെങ്കിൽ മുരിങ്ങ പേരിലേക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണെന്നും അതുവഴി മരണ നിരക്ക് കൂടുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പ്രായമായവരിൽ രോ​ഗബാധ കൂടിയാൽ സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങൾ ഉയർത്തേണ്ടതായി വരുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.  അതീ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ് ഇനി വരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ ഉറപ്പിച്ചുപറയുന്നതും.