”സഞ്ജു ഭായിയോട് ഒരല്പം മനുഷ്യത്വം കാട്ടൂ…” വൈറലായി കുറിപ്പ്

single-img
21 August 2020

ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പറ്റി ഏറെ വൈകാരികമായ കുറിപ്പുമായി അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൽ. സഞ്ജയ് ദത്തിന്റെയും ഇർഫാൻ ഖാന്റെയും ചിത്രം പങ്കുവച്ചാണ് ബബിലിന്റെ കുറിപ്പ്. തന്റെ അച്ഛന് കാൻസറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരിൽ ഒരാളാണ് നടൻ സഞ്ജയ് ദത്തെന്ന് ബബിൽ പറയുന്നു. ചികിത്സകൾക്കായി അദ്ദേഹം ഒരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരുന്നു. അദ്ദേഹം അതിനെ പോരാടി ജയിക്കട്ടെയെന്നും ബബിൽ ആശംസിക്കുന്നു.

”മനുഷ്യത്വമുണ്ടെങ്കിൽ സഞ്ജു ഭായിക്കും കുടുംബത്തിനും അവരുടേതായ ഇടം നൽകണം. മീഡിയയുടെ സമ്മർദ്ദമില്ലാതെ അദ്ദേഹം രോഗത്തെ നേരിടട്ടേ, ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. എനിക്കറിയാം അത് നിങ്ങളുടെ ജോലിയാണ്. പക്ഷേ നമ്മുടെ ഒക്കെ ഉള്ളിൽ മനുഷ്യത്വമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സഞ്ജു ബാബയെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങൾ ഓർമിക്കണം. അദ്ദേഹം ഒരു കടുവയാണ്, പോരാളിയാണ്. ഭൂതകാലം നിങ്ങളെ നിർവചിക്കില്ല പക്ഷേ നിങ്ങളെ വികസിപ്പിക്കും. ഇതിനെ മറികടന്ന് അദ്ദേഹം വീണ്ടും ഹിറ്റുകളുണ്ടാക്കും എന്ന് എനിക്ക് ഉറപ്പാണ് ” ബബിൽ കുറിച്ചു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിന് തുടർന്ന് ഓഗസ്റ്റ് 8ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സംശയിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ചികിത്സയ്ക്കുവേണ്ടി താൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കാൻസറാണെന്നും മറ്റും വാർത്തകൾ പടരുന്നതിനിടെ അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയും രം​ഗത്തെത്തിയിരുന്നു.