ചായക്കോപ്പയിലെ വിഷം, പിന്നെ വേദനയുടെ അലർച്ച… റഷ്യൻ പ്രതിപക്ഷ നേതാവിന് സംഭവിച്ചത് !

single-img
21 August 2020

റഷ്യയിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും കരുത്തനായ നേതാവ് അലക്സി നവൽനി, അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നാണ് ലോകം അന്വേഷിക്കുന്നത്. വിമാനത്തിലേക്ക് കയറും വരെ പൂർണ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. സൈബീരിയയിൽനിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ നവൽനി അവശനിലയിലായതിനെത്തുടർന്ന് വിമാനം അടിയന്തര ലാൻഡിങ് നടത്തി അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു .

അബോധാവസ്ഥയിലായ നവൽനി ഇപ്പോൾ വെന്റിലേറ്ററിലാണ്.അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളതെന്നും, കൃത്യമായി അത് ഏത് മരുന്നെന്ന് തിരിച്ചറിയാൻവേണ്ടിയുള്ള ഫോറൻസിക് പരിശോധനകൾ നടന്നു കൊണ്ടിരിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.വിമാനത്തില്‍ കയറും വരെ അലക്‌സി ആരോഗ്യവാനും ഉന്മേഷവാനും ആയിരുന്നു. അതിനാല്‍ തന്നെ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷപദാര്‍ത്ഥം എത്തിയിരിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും പാര്‍ട്ടിയും കുടുംബവും വിരല്‍ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കാണ്.

പക്ഷേ എവിടെ വച്ച് വിഷം ഉള്ളിലെത്തി എന്നതിന് കൃത്യാമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. എന്നാൽ
വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രം പല സംശയങ്ങൾക്കും നേരെ വിരൽ ചൂണ്ടുന്നു.ഈ ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിന്റെ ഉള്ളില്‍ വിഷം എത്തിയതെന്നാണ് സംശയം. വിമാനത്തിനുള്ളില്‍ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനിയും വ്യക്തമാക്കി കഴിഞ്ഞു. ചായയിലാണ് വിഷം എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അലക്‌സിക്ക് ചായ നല്‍കിയശേഷം ജീവനക്കാരന്‍ അപ്രത്യക്ഷനായതായി വിമാനത്താവളത്തിലെ കഫേ മാനേജര്‍ പറയുന്നത്. അലക്‌സി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് എത്തി കഫേ അടപ്പിച്ചിരുന്നു.

അലക്‌സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് തന്നെയാണ് ഭാര്യയും കുടുംബവും വ്യക്തമാക്കുന്നത്. റഷ്യയിൽ നടക്കുന്ന അഴിമതികളുടെ അണിയറക്കഥകൾ നിരന്തരം പുറത്തുകൊണ്ടുവന്നിട്ടുള്ള ഒരു ജനപ്രിയ ബ്ലോഗർ കൂടി ആയിരുന്നു നാല്പത്തിനാലുകാരനായ അലക്സി. ഇങ്ങനെ അപ്രിയ സത്യങ്ങൾ പുറത്തുവിട്ടുകൊണ്ടിരുന്നതിനാൽ നിരന്തരം ഭീഷണികളും അദ്ദേഹത്തിനെതിരെ ഉയർന്നു വന്നിരുന്നു.നിരവധി തവണ അലക്‌സിയുടെ നാവിന്റെ ചൂട് പുടിനും അറിഞ്ഞിട്ടുണ്ട് .

എതിരാളികളെ നിശബ്ദരാക്കാന്‍ എന്തും ചെയ്യുമെന്ന ദുഷ്‌പേരും പുടിനുണ്ട്. പക്ഷേ കുടുംബവും പാര്‍ട്ടിയും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണത്തെ പുടിന്റെ വക്താവ് തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം വിഷം നൽകി വധിക്കാനുള്ള ശ്രമം പൊലീസ് അന്വേഷിക്കുന്നില്ലെന്നാണ് ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നവൽനിയെ ചികിത്സയ്ക്കായി ജർമനിയിലേക്കോ ഫ്രാൻസിലേക്കോ കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ യാറോസ്ലാവ് അഷിക്മിൻ പറഞ്ഞു. നിലവില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന അലക്‌സിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന് തന്നെയാണ് കുടുംബത്തിന്റെയും ആവശ്യം.