വിമാനതാവള കൈമാറ്റം; തിരുവനന്തപുരത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ തുരങ്കം വെക്കരുത്: വി മുരളീധരന്‍

single-img
20 August 2020

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ വികസനത്തിന് സർക്കാർ തുരങ്കം വെക്കരുതെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്ത അൻപത് വർഷത്തെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നടത്തിയത്.

രാജ്യത്തെ വിമാനത്താവള നടത്തിപ്പ് ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ഇത് ആദ്യമായല്ല. മുൻപ് നടന്നിരുന്നതിന്റെ തുടർച്ചയായാണ് തിരുവനന്തപുരംഉൾപ്പെടെയുള്ള രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ കേന്ദ്രസർക്കാർ കൈമാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

വിമാന താവളം വഴി നടന്ന സ്വർണ കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായതിനാൽ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര സർക്കാർ കേരള സർക്കാരിനെ കൂടി തീരുമാനമെടുക്കുന്ന ഘട്ടത്തിൽ പങ്കാളിയാക്കിയിരുന്നു എന്നും കെഎസ്ഐഡിസിയും ലേലത്തിൽ പങ്കെടുത്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലേലം നടന്നപ്പോൾ അദാനി സമർപ്പിച്ചതിനേക്കാൾ 19.6 ശതമാനം കുറവായിരുന്നു കെഎസ്ഐഡിസി നൽകിയ തുക. ലേലത്തിൽ ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്ന വ്യവസ്ഥ കെഎസ്ഐഡിസിയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹംഓർമ്മപ്പെടുത്തി. ഇപ്പോഴുള്ള ഹൈക്കോടതി വിധിക്കനുകൂലമാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നിട്ടുള്ളത്.

കേരളത്തിലെ കൊച്ചി വിമാനത്താവളത്തിൽ 32 ശതമാനം പങ്കാളിത്തമേ ഇപ്പോഴും സംസ്ഥാന സർക്കാരിനുള്ളൂ,
അതേപോലെ തന്നെ കണ്ണൂരിൽ 30 ശതമാനവും. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിന്റെ വികസനത്തിന് സർക്കാർ തുരങ്കം വയ്ക്കരുത് എന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

അതേപോലെതന്നെ സംസ്ഥാനത്തെ ക്ഷേത്ര വിശ്വാസികളുടെ ആചാരങ്ങളുടെ കടയ്ക്കൽ കത്തിവച്ചവരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് വേവലാതിപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.