‘ഞാൻ മാപ്പ് ചോദിക്കില്ല ശിക്ഷ സന്തോഷത്തോടെ ഏറ്റുവാങ്ങും’ കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ

single-img
20 August 2020

കോടതിയലക്ഷ്യ കേസിൽ താൻ മാപ്പ് ചോദിക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ചീഫ് ജസ്റ്റിസിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വിറ്റാണ് കേസിന് കാരണമായത്. ”ഞാൻ മാപ്പ് ചോദിക്കില്ല, ആരുടെയും ഔദാര്യവും ആവിശ്യമില്ല, ഏത് വിധിയും സന്തോഷത്തോടെ സ്വീകരിക്കും” പ്രശാന്ത് ഭൂഷൺ പറഞ്ഞു.

കോടതിയുടെ നിലപാടിൽ തനിക്ക് വേദനയുണ്ട്. അത് പക്ഷെ താൻ ശിക്ഷിക്കപെടുമെന്നത് കൊണ്ടല്ല മറിച്ച് ഞാൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു എന്നതുകൊണ്ടാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. തനിക്കെതിരായ വിധിയിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രശാന്ത് ഭൂഷൺ, കോടതി കേസ് കൈകാര്യം ചെയ്ത രീതി നിരാശയുളവാക്കുന്നതാണെന്ന് കൂട്ടിച്ചേർത്തു. തനിക്കെതിരെ സുവോ മോട്ടോ നോട്ടീസ് അയയ്ക്കുന്നതിന് നിദാനമായ പരാതിയുടെ പകർപ്പ് പോലും തനിക്ക് തരാൻ കോടതി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

“ബഹുമാനപ്പെട്ട കോടതിയുടെ വിധി ഞാൻ വായിച്ചു. ഞാൻ കോടതിയലക്ഷ്യം നടത്തിയതായി കണ്ടെത്തിയതിൽ എനിക്ക് വേദനയുണ്ട്. കാരണം കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി വ്യക്തിപരമായും തൊഴില്പരമായും ഈ കോടതിയുടെ മഹിമ ഉയർത്തിപ്പിടിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. അത് ഇവിടുത്തെ ഒരു സ്തുതിപാഠകനായിട്ടായിരുന്നില്ല മറിച്ച് വിനയാന്വിതനായ ഒരു കാവൽക്കാരനായിട്ടായിരുന്നു.” പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു പ്രശാന്ത് ഭൂഷണിനെ തിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഒരു ബി.ജെ.പി നേതാവിന്റ മകന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു ജൂണ്‍ 27-ലെ ട്വീറ്റ്.

‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചത്.