ശശിതരൂർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി

single-img
20 August 2020

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്ത ശശി തരൂർ എംപിയുടെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫസ്റ്റ് ക്ലാസ് വിമാനത്താവളം തിരുവനന്തപുരത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശശി തരൂർ എം പി രംഗത്ത് വന്നിരുന്നു.വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണ തീരുമാനം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ആര് നടത്തിയാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും മറ്റു നിയന്ത്രണങ്ങളും സർക്കാർ ഏജൻസികളിൽ നിക്ഷിപ്തമാണ്. വിവാദമാണെങ്കിലും തിരുവനന്തപുരത്തെ ജനങ്ങൾ നേരിട്ട കാലതാമസത്തെക്കാൾ തീരുമാനം ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞു. അതേസമയം മുതലാളിമാര്‍ക്കായുള്ള നിലപാടില്‍ നിന്ന് തരൂര്‍ പിന്മാറണം. കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത് .

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണെന്നാണ് മന്ത്രി കടകംപള്ളി പറഞ്ഞത്. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് തീറെഴുതി നല്‍കുന്നതിന് തീരുമാനിച്ചതായി വന്നിരിക്കുന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പകല്‍കൊള്ളയാണെന്നതില്‍ സംശയമില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

1935 ല്‍ ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് യാതൊരു മനസാക്ഷി കുത്തുമില്ലാതെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. 170 കോടി രൂപ വാര്‍ഷിക ലാഭം നേടുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത് എന്നത് ഓര്‍ക്കണം. കോടികളുടെ അഴിമതി ഇടപാട് ഈ വിറ്റഴിക്കലിന് പിന്നിലുണ്ടെന്ന ആരോപണങ്ങള്‍ നിസ്സാരമല്ലയെന്നും മന്ത്രി കടകംപള്ളി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ കുറിപ്പിൽ കുറിച്ചു .

തിരുവനന്തപുരം വിമാനത്താവളത്തിന് നിലവില്‍ ഉണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ 5 ഘട്ടങ്ങളിലായി വാങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. നിലവില്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെ ഇപ്പോള്‍ 18 ഏക്കര്‍ സ്ഥലം കൂടി വിമാനത്താവള വികസനത്തിനായി വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്. ഈ ഭൂമിയെല്ലാമടക്കം വിമാനത്താവളം സ്വകാര്യലോബികള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി.തിരുവിതാംകൂര്‍ രാജാവ് സ്ഥാപിച്ച തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ചരിത്രപരമായ പ്രാധാന്യത്തിന് ഒരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന നടപടി കൂടിയാണിതെന്നും മന്ത്രി കടകംപള്ളി കുറ്റപ്പെടുത്തി.