സ്വപ്നമല്ല, സത്യമാണ്: മിനിമം ബാലൻസ് പിഴയും എസ്എംഎസ് ചാർജ്ജും ഒഴിവാക്കി എസ്ബിഐ

single-img
20 August 2020

സ്റ്റേറ്റ് ബാങ്ക് മാറുകയാണ്. ആരും സ്വപ്നത്തിൽ പോലും കാണാത്ത മാറ്റം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ  ജനങങ്ളിൽ നിന്നും അകന്നു പോകുകയാണെന്ന സൂചനകളാണ് ഈ അടുത്ത കാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നത്. മിനിമം ബാലൻസ് നിലനിർത്തുക, എസ്എംഎസ്- ഡെബിറ്റ് കാർഡ് ചാർജുകൾ, അങ്ങനെ വേണ്ട തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ കാശ് എന്ന ഒറ്റവിചാരം മാത്രമേ ബാങ്കിനുള്ളു എന്ന പരാതിയാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരുന്നത്. എന്നാൽ ഇനി അതെല്ലാം പഴയകഥയാണ്. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസവാർത്തയുമായാണ് എസ്ബിഐ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. 

എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ അക്കൗണ്ടിൽ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഒഴിവാക്കിക്കഴിഞ്ഞു. ഇതിന് പുറമേ എസ്എംഎസ് ചാര്‍ജ്ജും ഒഴിവാക്കിയിട്ടുണ്ട്.

എസ്ബിഐ സേവിംഗ്‌സ് അക്കൌണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കുന്നതിനുള്ള പരിധി ഉയര്‍ത്തുമെന്ന തീരുമാനവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സേവിങ്‌സ് അക്കൗണ്ടില്‍ ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിയ്ക്കും എന്നാണ്‌ സൂചന.

എസ്ബിഐയുടെ 44 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനകരമാകും ഈ തീരുമാനങ്ങൾ. പ്രതിമാസം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് അഞ്ചു രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബിഐ ഇതുവരെ  ഈടാക്കിയിരുന്നത്. മെട്രോ, സെമി അര്‍ബന്‍, ഗ്രാമം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. 

മെട്രോയില്‍ 3000 രൂപ മിനിമം ബാലന്‍സായി നിലനിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം. സെമി അര്‍ബന്‍, ഗ്രാം എന്നിവിടങ്ങളില്‍ യഥാക്രമം 2000, 1000 എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടത്.
ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ.ങളാണ് ഉയർന്നത്. ഇതിൻ്റെ പേരിൽ പലരും അക്കൗണ്ട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കേണ്ടതില്ല എന്ന ബാങ്കിന്റെ തീരുമാനം. ഇന്‍ര്‍നെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും സേവനം ബാധകമാണെന്നു ബാങ്ക് അറിയിച്ചു. ട്വീറ്റിലൂടെയാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.