കേരളം മുമ്പേ നടക്കുന്നു: ഡ്രില്‍ ക്ലാസ്സുകളുടെയും കലാകായിക പഠന ക്ലാസുകളുടെയും ഡിജിറ്റല്‍ സംപ്രേക്ഷണം ആരംഭിക്കുവാൻ തീരുമാനം

single-img
20 August 2020

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്കൂൾ ജീവിതം വിദ്യാർത്ഥികൾക്ക് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. ഈ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കാനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ബുധനാഴ്ച ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉടനെ ക്ലാസ് ആരംഭിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മാത്രം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്.   

അതേസമയം എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അധ്യയനം സാധ്യമാകുമോയെന്ന് പരിശോധിക്കണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിനുള്ള സാഹചര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കലാകായിക വിദ്യാഭ്യാസംകൂടി ഉള്‍പ്പെടുത്തുവാനാണ് നീക്കം. ഡിജിറ്റല്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുവാനും തീരുമാനമുണ്ട്. 

മാത്രമല്ല സംസ്ഥാനത്ത് സ്‌കൂള്‍ പഠനത്തിലെ സിലബസ് വെട്ടിക്കുറയ്‌ക്കേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.  സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സിലബസ് വെട്ടി കുറയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്. അതേസമയം രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഉള്‍പ്പെടെ പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

യോഗ, ഡ്രില്‍ ക്ലാസ്സുകളുടെ ഡിജിറ്റല്‍ സംപ്രേക്ഷണവും, കലാകായിക പഠന ക്ലാസുകളും ഉടന്‍ ആരംഭിക്കാനും തീരുമാനമായി. ഡിജിറ്റല്‍ ക്ലാസുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തില്‍ ഒരു ഉപസമിതി രൂപീകരിക്കും.

കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന നേര്‍ക്കാഴ്ച എന്ന പേരിലുള്ള ഒരു പരിപാടിയ്ക്കും ഉടൻ തുടക്കം കുറിക്കും.