ശബ്ദമില്ല, വീടുകേറലില്ല: ഇതുവരെ കണ്ട തെരഞ്ഞെടുപ്പല്ല ഇത്തവണ കേരളം കാണുക

single-img
20 August 2020

കൊറോണ വെെറസ് വ്യാപനം അതിദ്രുതി മുന്നോട്ടു പോകുകയാണ്. ഈ മഹാമാരിയ്ക്ക് എന്ന് ഒരു അറുതിയുണ്ടാകുമെന്ന പ്രവർചത്തിനൊന്നും ഒരു സാധ്യതയുമില്ലാത്ത സമയം. അതിവേഗം മുന്നോട്ടു ചലിച്ചുകൊണ്ടിരുന്ന ലോകത്തെ നിശ്ചമാക്കിയിരിക്കുകയാണ് വെെറസ് വ്യാപനം. സ്കൂൾ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുവരെ മുടക്കം സംഭവിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളം അതിപ്രധാനമായ ഒരു കർത്തവ്യത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ട സമയം അടുത്തു വരികയാണ്. അതിനു മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് എന്ന വലിയ പ്രവർത്തനമാണ് കേരളത്തിൻ്റെ മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെയാകും തെരഞ്ഞെടുപ്പ്? എന്തൊക്കെ മാറ്റങ്ങളാകും തരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുണ്ടാകുക? 

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതികൾ നവംബര്‍ 12 ന് ചുമതലയേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനാനുസൃതമായി, നിശ്ചിത കാലാവധിയ്ക്ക് ഉള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. ഫലത്തിൽ ഒക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നതെന്നുള്ളത് വ്യക്തം. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിന് പ്രശ്‌നമില്ലെന്നാണ് ആരോഗ്യ വിദഗ്ദർ നൽകിയിരിക്കുന്ന നിർദ്ദേശം. എങ്കിൽക്കൂടിത്തന്നെഎല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീയതി നിശ്ചയിക്കുകയെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട് വിപുലമായി ചര്‍ച്ച നടത്തും. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായും കൂടിയാലോചന നടത്തുമെന്നും കമ്മീഷൻ അറിയിച്ചു. 

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാകും ഇത്തവണ സാക്ഷ്യം വഹിക്കുക. പോളിങ്‌ ബൂത്തുകളിൽ സാമൂഹ്യ അകലം പാലിച്ച്‌ ക്യൂ നിർത്തും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാകും. പ്രചാരണത്തിന്‌ മൂന്നുപേരിൽ കൂടുതൽ വീടുകളിൽ പോകാൻ പാടില്ലെന്ന്‌ വ്യവസ്ഥ ചെയ്യും. പ്രചാരണത്തിലും വോട്ടിങ്‌ സമയത്തും ഉൾപ്പെടെ സ്വീകരിക്കേണ്ട മാർഗനിർദേശം ആരോഗ്യവകുപ്പ് തയ്യാറാക്കും. മെെക്ക് അനൗൺസ്മെൻ്റോ അത്തരത്തിലുള്ള കാര്യങ്ങളോ അനുവദിച്ചേക്കില്ല. തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പുമായി ചേർന്ന് സജ്ജീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. 

ചുരുക്കത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇതുവരെ കണ്ട തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമാകും. പ്രധാനമായും പ്രചരണങ്ങൾക്കാണ് ഈ വ്യത്യസ്തത ഉണ്ടാകുന്നത്. നേരിട്ടുള്ള പ്രചരണങ്ങൾ ഒഴിവാക്കി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾക്കാകും രാഷ്ട്രീയ കക്ഷികൾ മുൻതൂക്കം നൽകുക. 

തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പരിശീലനം ഈ മാസംതന്നെ ആരംഭിക്കുമെന്ന്‌ കമീഷൻ വ്യക്തമാക്കി. മാസ്റ്റർ ട്രെയിനർമാർക്ക് ഓൺലൈൻ പരിശീലനം നൽകും. മറ്റ് ഉദ്യോഗസ്ഥർക്ക്‌ പരിശീലനം ബ്ലോക്കു തലത്തിലായിരിക്കും. 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 150 കോടി രൂപയാണ്‌ തെരഞ്ഞെടുപ്പ്‌ ചെലവ്‌  കണക്കാക്കിയിരുന്നത്‌. എന്നാൽ കോവിഡ്‌ മാനദണ്ഡങ്ങൾകൂടി ഉറപ്പാക്കേണ്ടതിനാൽ ചെലവുയരുമെന്നാണ് കമ്മീഷൻ്റെ വാദം. അതുകൊണ്ടുതന്നെ 15 കോടി രൂപകൂടി കൂടുതൽ ആവശ്യപ്പെടുമെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.