കോവിഡ് കാലത്ത് സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കാസര്‍കോടന്‍ മാതൃകകള്‍ പരിചയപ്പെടാം

single-img
20 August 2020

കോവിഡ് കാലത്ത് കാസര്‍കോട് ജില്ലാ ഭരണ സംവിധാനം അവതരിപ്പിച്ച മാതൃകയ്ക്ക് വീണ്ടും സംസ്ഥാനതലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചു. കോവിഡ് നിര്‍വ്യാപനത്തിനായി കാസര്‍കോട് ജില്ലയില്‍ ആവിഷ്‌കരിച്ച നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍ എന്ന ആശയമാണ് ഒടുവില്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നത് .

കോവിഡ് രോഗവ്യാപനം തടയുന്നതിന് കൃത്യമായ പദ്ധതികളുടെ ആസൂത്രണത്തിലൂടെയും നടത്തിപ്പിലൂടെയും കാസര്‍കോട് ജില്ലയും ജില്ലയുടെ മാതൃകകളും ഇതിനുമുമ്പും സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയിരുന്നു.രോഗവ്യാപനം രൂക്ഷമായിരുന്ന രണ്ടാംഘട്ടത്തില്‍ കോവിഡിന്‍റെ തീവ്രതയേറിയ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി,രോഗവ്യാപന തോത് കുറയ്ക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ജില്ലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ആണ് അന്ന് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കിയിരുന്നത്. പിന്നീട് കണ്ണൂരും തലസ്ഥാന നഗരിയായ തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലും ഈ പദ്ധതിയെ അതേപടി നടപ്പിലാക്കുകയായിരുന്നു.

രാജ്യവ്യാപകമായി സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്,വീടുകളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി,ജില്ലാ പോലീസ് കാര്യാലയത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയ ആവശ്യസാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും ജില്ലയില്‍ വിജയമായിരുന്നു. ഇതിന്‍റെ വിജയത്തെ തുടര്‍ന്ന് മറ്റു പലജില്ലകളും ഈ പദ്ധതിയെ അതേപടി അനുകരിക്കുകയായിരുന്നു.

സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് എല്ലാ വകുപ്പുകളേയും ഒരു കുടക്കീഴില്‍ അണിനിരത്തി നടപ്പിലാക്കിയ കെയര്‍ ഫോര്‍ കാസര്‍കോട് പദ്ധതിയും കേന്ദ്ര സര്‍ക്കാറിന്‍റെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു

കോവിഡ് രോഗവ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കിയ മാഷ് പദ്ധതിയാണ് സംസ്ഥനതലത്തില്‍ പ്രശംസ നേടിയ മറ്റൊരു പദ്ധതി. ഈ പദ്ധതി പ്രകാരം കോവിഡ് നിര്‍വ്യാപന ബോധവത്കരണത്തിനായി ജില്ലയിലെ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരെ നിയമിച്ചു.

മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും പൊതുജനങ്ങളെ ഈ അധ്യാപകര്‍ നിരന്തരം ബോധവത്കരിച്ചുകൊണ്ടിരിക്കുന്നു.കോവിഡ് നിയന്ത്രണ നിയമലംഘനം കണ്ടാല്‍,അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നതാണ് മാഷ് പദ്ധതി.കാസര്‍കോട് ജില്ലാഭരണകൂടം നടപ്പാക്കിയ മാഷ് പദ്ധതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു.പിന്നീട് മറ്റെല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചവരെ സ്വഭവനങ്ങളില്‍ തന്നെ ചികിത്സിക്കുന്ന ആരോഗ്യവകുപ്പിന്‍റെ പദ്ധതിയും കാസര്‍കോട് ജില്ല ഭരണസംവിധാനമാണ് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്.ഇങ്ങനെ 150 ലേറെ രോഗികളാണ് വീടുകളില്‍ തന്നെ ജില്ലയില്‍ ചികിത്സയിലുള്ളത് . ഇത്തരത്തില്‍ ജില്ലയില്‍ വേറിട്ട മാതൃകാ പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് നേതൃത്വം നല്‍കിയത്. കോവിഡിന്‍റെ കാലത്തും പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും കാസര്‍കോടന്‍ കൈയ്യൊപ്പ് ചാര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് യഥാര്‍ത്ഥ്യം.